ദുബായ് അൽ ഖലീജ് സ്ട്രീറ്റ് തുരങ്കം ഗതാഗതത്തിനായി തുറന്നു

 
Pravasi

ദുബായ് അൽ ഖലീജ് സ്ട്രീറ്റ് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു; മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം

അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച തുരങ്കത്തിൽ ഇരുവശങ്ങളിലേക്കും മൂന്ന് വീതം ലെയ്നുകളാണ് ഉള്ളത്

MV Desk

ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ അൽ ഖലീജ് സ്ട്രീറ്റ് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് 1,650 മീറ്റർ നീളമുള്ള ഈ പുതിയ തുരങ്കം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച തുരങ്കത്തിൽ ഇരുവശങ്ങളിലേക്കും മൂന്ന് വീതം ലെയ്നുകളാണ് ഉള്ളത്. തുരങ്കം തുറന്നതോടെ ഇരുവശങ്ങളിലുമായി മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും.

ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് ദേര ഭാഗത്തേക്കും തിരിച്ചും തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് ആർടിഎ ഡയറക്റ്റർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്റ്റർമാരുടെ ചെയർമാനുമായ മത്താർ അൽ തായർ വ്യക്തമാക്കി. കെയ്‌റോ റോഡിലെയും അൽ വുഹൈദ റോഡിലെയും റൗണ്ട് എബൗട്ടുകൾ സിഗ്നൽ നിയന്ത്രിത കവലകളാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബു ഹെയ്ൽ, അൽ വുഹൈദ, അൽ മംസാർ, ദുബായ് ഐലൻഡ്സ്, വാട്ടർഫ്രണ്ട് മാർക്കറ്റ്, അൽ ഹംരിയ തുറമുഖം തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ഗതാഗതം കൂടുതൽ എളുപ്പമാക്കാൻ ഈ പദ്ധതി ഉപകരിക്കും. 13 കിലോമീറ്റർ നീളമുള്ള അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതി പൂർത്തിയാകുന്ന മുറയ്ക്ക് 2030ഓടെ യാത്രാ സമയം 1 മണിക്കൂർ 44 മിനിറ്റിൽ നിന്ന് വെറും 16 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 10 ലക്ഷം ആളുകൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

നിർമാണ രംഗത്ത് ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് പാലിച്ചത്. 2,200 എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും തൊഴിലാളികളും 350 യന്ത്രസാമഗ്രികളും പദ്ധതിക്കായി പ്രവർത്തിച്ചു. തുരങ്കത്തിന്‍റെ ഭംഗി വർധിപ്പിക്കുന്നതിനായി 'ദുബായ് തുരങ്കങ്ങൾ' പദ്ധതിയുടെ ഭാഗമായി ഇതിന്‍റെ ഭിത്തികളിൽ വലിയ കലാവിരുന്ന് ഒരുക്കിയിട്ടുണ്ട്. എമിറാത്തി കലാകാരിയായ മർയം അൽ ഹത്ബൂർ രൂപകൽപന ചെയ്ത ഈ ചുമർചിത്രം കറൻസി നോട്ടുകളിലെ ശൈലിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി 3.6 കോടി മൊസൈക് കഷണങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇൻഫിനിറ്റി ബ്രിഡ്ജ് ഉൾപ്പെടെയുള്ള ദുബായിലെ പ്രധാന കാഴ്ചകൾ ഈ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.