റെഡ് കാർപ്പറ്റ് പദ്ധതിയിലൂടെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി പത്തിരട്ടിയായി.

 
Pravasi

ദുബായ് ഇമിഗ്രേഷന്‍റെ 'റെഡ് കാർപെറ്റ്' പദ്ധതിക്ക് ദുബായ് ഇറ്റ് പുരസ്‌കാരം

അഞ്ചു സെക്കൻഡിൽ താഴെ സമയം കൊണ്ട് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പ്രവേശന–പുറപ്പെടൽ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന പരിവർത്തന പദ്ധതിയാണ് 'റെഡ് കാർപെറ്റ്'

UAE Correspondent

ദുബായ്: വിമാനത്താവളത്തിലെ ഇമിഗ്രേഷൻ- യാത്രാനടപടികൾ വേഗത്തിലാക്കി യാത്രക്കാർക്ക് സുഗമമായ യാത്രാ അനുഭവമൊരുക്കുന്ന ജിഡിആർഎഫ്എ ദുബായുടെ 'റെഡ് കാർപെറ്റ്' പദ്ധതിക്ക് 'ദുബായ് ഇറ്റ്' പുരസ്‌കാരം. സർക്കാർ മേഖലയിലെ മികച്ച പദ്ധതികൾക്കുള്ള അംഗീകാരമാണ് ലഭിച്ചത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

അഞ്ചു സെക്കൻഡിൽ താഴെ സമയം കൊണ്ട് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പ്രവേശന–പുറപ്പെടൽ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന പരിവർത്തന പദ്ധതിയാണ് 'റെഡ് കാർപെറ്റ്' എന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. പദ്ധതിയിലൂടെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി പത്തിരട്ടിയായെന്നും യാത്രക്കാരുടെ സന്തോഷനിരക്ക് 99 ശതമാനത്തിന് മുകളിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'റെഡ് കാർപെറ്റ്' പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചവരെ ഷെയ്ഖ് ഹംദാൻ അഭിനന്ദിക്കുകയും ചെയ്തു.

ജിഡിആർഎഫ്എ ദുബായ് ഡയറക്റ്റർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ നേതൃത്വത്തിൽ യാത്രാനുഭവം മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന പ്രവർത്തനങ്ങളിലെ പ്രധാന പദ്ധതിയാണ് 'റെഡ് കാർപെറ്റ്'. നിർമിതബുദ്ധിയും ബയോമെട്രിക് സാങ്കേതികവിദ്യയും സംയോജിപ്പിച്ച സംവിധാനത്തിലൂടെ അർഹരായ യാത്രക്കാർക്ക് രേഖകൾ കാണിക്കാനായി നിൽക്കാതെ നിർദിഷ്ട ഇടനാഴിയിലൂടെ നടന്നുകൊണ്ടുതന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം.

ഈ പദ്ധതിക്ക് മുമ്പും രാജ്യാന്തര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ 2025ലെ സർക്കാർ മേഖലയിലെ മികച്ച നവീകരണത്തിനുള്ള പുരസ്‌കാരം,'സ്റ്റീവി മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക 2025' പുരസ്‌കാരം എന്നിവയ്ക്കൊപ്പം 'ഐഡിസി വോയ്സസ് ഓഫ് എഐ ഇന്നൊവേഷൻ' വേദിയിലും പദ്ധതി ആദരിക്കപ്പെട്ടു. ഈ മൂന്ന് മുൻ അംഗീകാരങ്ങൾക്കു പിന്നാലെയാണ് ദുബായ്-ഇറ്റ് പുരസ്‌കാരം ലഭിക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവതരിപ്പിച്ച 'ദുബായ് ഇറ്റ്' സംരംഭം, വലിയ ആശയങ്ങളെ മികവോടെയും വേഗത്തിലും യാഥാർഥ്യമാക്കുന്ന ദുബായുടെ പ്രവർത്തനസംസ്കാരമാണ് മുന്നോട്ടുവയ്ക്കുന്നത്.