സേവന നിലവാരം മെച്ചപ്പെടുത്താൻ രണ്ട് ലാബുകൾക്ക് തുടക്കമിട്ട് ജിഡിആർഎഫ്എ ദുബായ്
ദുബായ്: പൊതുജന സേവനങ്ങളും ഇമിഗ്രേഷൻ നടപടികളും മെച്ചപ്പെടുത്തുന്നതിനായി ജിഡിആർഎഫ്എ ദുബായ് ഗവേഷണ, വികസന, നവീകരണ ലാബ് , നിർമിതബുദ്ധി ഫ്യൂച്ചർ ലാബ് എന്നീ രണ്ട് ലാബുകൾ ആരംഭിച്ചു. ലാബുകളുടെ പ്രവർത്തനങ്ങൾ ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി.
സേവനങ്ങളിലെയും പ്രവർത്തനരീതികളിലെയും പോരായ്മകൾ ശാസ്ത്രീയമായി പഠിക്കുകയും പരിഹാരങ്ങളുടെ പ്രായോഗികതയും ഫലപ്രാപ്തിയും പരിശോധിക്കുകയുമാണ് ആർഡിഐ ലാബിന്റെ ചുമതല. ബൗദ്ധിക സ്വത്തവകാശ പ്രകാരം ഇത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡാറ്റ വിശകലനം ചെയ്ത് ഭാവിയിലെ സേവന ആവശ്യങ്ങളും വെല്ലുവിളികളും മുൻകൂട്ടി കണ്ടെത്തുകയാണ് എഐ ഫ്യൂച്ചർ ലാബിന്റെ ലക്ഷ്യം.
സ്വയം പ്രവർത്തിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളും നിർമിതബുദ്ധി ഘടകങ്ങളും ഉപയോഗിച്ച് ഡിജിറ്റൽ മാതൃകകളിൽ പുതിയ പരിഹാരങ്ങൾ പരീക്ഷിക്കും. സേവന നിലവാരവും പ്രവർത്തനക്ഷമതയും ഉയർത്തുകയും ഭാവി ആവശ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കുകയുമാണ് ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ദുബായ് ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ വിഭാഗം അസിസ്റ്റന്റ് ഡയറക്റ്റർ ജനറൽ ബ്രിഗേഡിയർ അബ്ദുൽസമദ് ഹുസൈൻ അൽ ബലൂഷി പറഞ്ഞു.
ശാസ്ത്രീയ ഗവേഷണവും നിർമിതബുദ്ധിയും ഒരുമിച്ച് പ്രയോജനപ്പെടുത്തുന്നതിലൂടെ സേവനം തേടുന്നവർക്ക് ഗുണകരമാകുന്ന ആശയങ്ങൾ പരീക്ഷിക്കാൻ സാധിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് ഇന്നൊവേഷൻ ആൻഡ് ഫ്യൂച്ചർ സെന്റർ ഡയറക്റ്റർ ഡോ. ഷംസ അൽ മർറിയും വ്യക്തമാക്കി.