An exchange on medical readiness, workforce development, and healthcare with Dr. Shamsheer Vayalil at the ICC Plenary.

 
Pravasi

ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം അനിവാര്യം; പുതിയ മാതൃക നിർദേശിച്ച് ഡോ. ഷംഷീർ വയലിൽ

യുഎഇ ആദ്യമായി ആതിഥ്യമരുളുന്ന ലോക സൈനിക മെഡിക്കൽ കോൺഗ്രസിലാണ് 'ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം' എന്ന പുതിയൊരു മാതൃക ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ മുന്നോട്ടുവച്ചത്

MV Desk

അബുദാബി: സങ്കീർണമാകുന്ന യുദ്ധ സാഹചര്യങ്ങളെയും സാങ്കേതിക വെല്ലുവിളികളെയും നേരിടാൻ സൈനിക–സിവിൽ മെഡിക്കൽ മേഖലകൾ സംയുക്തമായി പ്രവർത്തിക്കണമെന്ന് ഗൾഫിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സ് നിർദേശിച്ചു. യുഎഇ ആദ്യമായി ആതിഥ്യമരുളുന്ന ലോക സൈനിക മെഡിക്കൽ കോൺഗ്രസിലാണ് രാജ്യത്തിന്‍റെ പ്രതിരോധ സജ്ജീകരണങ്ങളും മാനുഷിക ആരോഗ്യ പരിരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 'ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം' എന്ന പുതിയൊരു മാതൃക ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ മുന്നോട്ടുവച്ചത്.

'അവശ്യഘട്ടങ്ങളിൽ സജ്ജം, പരീക്ഷണങ്ങളിൽ കരുത്തുറ്റത്' എന്ന പ്രമേയത്തിൽ യുഎഇ പ്രതിരോധ മന്ത്രാലയവും അഡ്‌നെക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള സൈനിക, സിവിൽ ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്.

യുദ്ധരീതികളിലുണ്ടായ മാറ്റം, ഡ്രോൺ നിരീക്ഷണം, സൈബർ ആക്രമണങ്ങൾ, മെഡിക്കൽ സപ്ലൈ ചെയിനിലെ വെല്ലുവിളികൾ എന്നിവ യുദ്ധക്കളത്തിലെ പരുക്കുകൾക്കപ്പുറത്തേക്ക് ചിന്തിക്കാൻ സൈനിക വൈദ്യശാസ്ത്രത്തെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഡോ. ഷംഷീർ ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ തടസമില്ലാതെ കൊണ്ടുപോകാൻ ഈ സംയുക്ത പങ്കാളിത്തം അനിവാര്യമാണ്. നൂതന ചികിത്സാ സൗകര്യങ്ങൾ, സാങ്കേതികവിദ്യയും നവീകരണവും, അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, ദേശീയതലത്തിലുള്ള തയാറെടുപ്പുകൾ എന്നീ നാല് മേഖലകളിൽ സ്വകാര്യ ആരോഗ്യമേഖലയ്ക്ക് വലിയ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ മേഖല ആരോഗ്യ സേവനങ്ങളുടെ വെറുമൊരു ദാതാവ് എന്നതിൽ നിന്ന് മാറി ദേശീയ മെഡിക്കൽ സജ്ജീകരണങ്ങളിലെ തന്ത്രപ്രധാന പങ്കാളിയായി മാറണമെന്ന് ഡോ. ഷംഷീർ പറഞ്ഞു. സൈനിക സ്ഥാപനങ്ങൾക്ക് പ്രവർത്തന ചുമതല നിലനിർത്തിക്കൊണ്ടുതന്നെ സ്വകാര്യ മേഖലയുടെ വൈദഗ്ധ്യവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്താം. ഗാസയിൽ നിന്നുള്ള രോഗികൾക്ക് ചികിത്സ നൽകുന്നതിനായി അൽ അരിഷിൽ പ്രവർത്തിക്കുന്ന യുഎഇയുടെ ഫ്ലോട്ടിങ് ആശുപത്രി സൈനിക-സിവിൽ മെഡിക്കൽ സഹകരണത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Dr. Shamsheer Vayalil, Chairman and CEO of Burjeel Holdings, during a fireside chat at the 46th ICMM World Congress of Military Medicine.

മാനുഷിക സഹായങ്ങൾ നൽകുന്നതിൽ ആഗോളതലത്തിൽ തന്നെ മുൻപന്തിയിലാണ് യുഎഇ. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2025-ൽ 1.46 ബില്യൺ ഡോളർ സംഭാവന നൽകി മാനുഷിക ദൗത്യങ്ങളിലെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദാതാവായി യുഎഇ മാറിയിരുന്നു.

യെമനിൽ നിന്നുള്ള ആയിരത്തോളം രോഗികൾക്ക് ഇന്ത്യയിൽ സങ്കീർണമായ ശസ്ത്രക്രിയകൾ ലഭ്യമാക്കിയതുൾപ്പെടെ 17-ലധികം രാജ്യങ്ങളിലായി 1.17 ദശലക്ഷത്തിലധികം രോഗികൾക്കാണ് ബുർജീലിന്‍റെ മാനുഷിക ഇടപെടലുകളിലൂടെ ഇതുവരെ സേവനങ്ങൾ ലഭ്യമാക്കിയത്. അഡ്‌നെക് സെന്‍ററിൽ നടക്കുന്ന കോൺഗ്രസ് നവംബർ 13-ന് സമാപിക്കും.