ഗ്ലോബൽ വില്ലേജ് പുതിയ സീസൺ; പ്രത്യേക സർവീസുകളുമായി ദുബായ് ആർടിഎ

 
Pravasi

ഗ്ലോബൽ വില്ലേജ് പുതിയ സീസൺ; പ്രത്യേക സർവീസുകളുമായി ദുബായ് ആർടിഎ

ഒക്റ്റോബർ 14 മുതൽ 2027 മെയ് വരെ നീളുന്നതാണ് പുതിയ സീസൺ

MV Desk

ദുബായ്: ഗ്ലോബൽ വില്ലേജ് 31-ാമത് സീസണിന്‍റെ ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രത്യേക ഗതാഗത സർവീസുകൾ പുനരാരംഭിക്കുന്നു. ദുബായിലെ പ്രമുഖ ടൂറിസം, വിനോദ കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് സുരക്ഷിതവും സുസ്ഥിരവുമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ഒക്റ്റോബർ 14 മുതൽ 2027 മെയ് വരെ നീളുന്നതാണ് പുതിയ സീസൺ.

ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരെ എത്തിക്കുന്നതിനായി നാല് നേരിട്ടുള്ള ബസ് റൂട്ടുകളാണ് ആർടിഎ ഏർപ്പെടുത്തിയിരിക്കുന്നത്. അൽ റാഷിദിയ ബസ് സ്റ്റേഷനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ഓരോ 60 മിനിറ്റിലും സർവീസ് നടത്തുന്ന റൂട്ട് 102, യൂണിയൻ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 40 മിനിറ്റിലും സർവീസ് നടത്തുന്ന റൂട്ട് 103, അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 60 മിനിറ്റിലും സർവീസ് നടത്തുന്ന റൂട്ട് 104, മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 60 മിനിറ്റിലും സർവീസ് നടത്തുന്ന റൂട്ട് 106 എന്നിവയാണ് പ്രധാനപ്പെട്ട നാല് റൂട്ടുകൾ.

ബസ് സർവീസുകൾക്ക് പുറമെ, ഗ്ലോബൽ വില്ലേജിനുള്ളിലെ ജലപാതകളിൽ പരിസ്ഥിതി സൗഹൃദമായ രണ്ട് ഇലക്ട്രിക് അബ്രകളുടെ സർവീസും ആർടിഎ നടത്തുന്നുണ്ട്. സന്ദർശകർക്ക് ജലപാതകളിലൂടെ യാത്ര ചെയ്യാനും ഗ്ലോബൽ വില്ലേജിലെ വിവിധ കാഴ്ചകൾ ആസ്വദിക്കാനും ഈ ടൂറിസ്റ്റ് വാട്ടർ ട്രാൻസ്പോർട്ട് സർവീസ് സഹായിക്കും.