ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിന് തുടക്കം: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പവലിയനുകൾ സജ്ജം
ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിന് തുടക്കം. 'കൂടുതൽ വിസ്മയകരമായ ഒരു ലോകം' എന്ന പ്രമേയത്തിലുള്ള ഈ സീസൺ 2027 മേയ് വരെ നീണ്ടുനിൽക്കും. പുതിയ ഭക്ഷണ ശാലകൾ, വിനോദ യാത്രകൾ, സാംസ്കാരിക പവലിയനുകൾ എന്നിവയോടെയാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
90-ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകൾ, 3,500-ലധികം ഷോപ്പുകൾ, 250-ലേറെ ഭക്ഷണശാലകൾ, 40,000-ത്തോളം കലാപ്രകടനങ്ങൾ എന്നിവ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളാണ്. ശ്രീലങ്ക, റഷ്യ, അസർബൈജാൻ തുടങ്ങിയ പവലിയനുകൾ കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക 'സീസൺ 31 പാസ്പോർട്ട്' അവതരിപ്പിച്ചു.
ട്രാബ്സൺ ടർക്കിഷ് റസ്റ്ററന്റ്, റോബോ അൽ ഷാം, ഹവാവ്ഷി അൽ റാബി, ചിക്കിങ്, വിൻസി ഡോൾസി, വിന്റേജ് കഫേകൾ തുടങ്ങി നിരവധിയായ പുതിയ ഭക്ഷണശാലകൾ റസ്റ്റോറന്റ് പ്ലാസയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർണിവലിൽ 'ടോക്കിയോ റഷ്' എന്ന പുതിയ റോളർ കോസ്റ്റർ വൈകാതെ സജ്ജമാകും. കൂടാതെ ഫെസ്റ്റിവൽ വീൽ, ഡ്രാഗൺ കിങ്ഡം, ഹൊറർ ഹോട്ടൽ തുടങ്ങിയവയും സന്ദർശകരെ ആകർഷിക്കും. ഫാസ്റ്റ് ലൈവ് 2, ബോളിവുഡ് ഐഡൽ, ബാങ്ക് ഹൈസ്റ്റ് തുടങ്ങിയ പുതിയ സ്റ്റണ്ട്, ആക്രോബാറ്റിക് ഷോകളും അരങ്ങേറുന്നുണ്ട്.