ലഫ്. ജനറൽ മുഹമ്മദ് അൽ മർറി
ദുബായ്: മികച്ച അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഗോൾഡൻ വിസ നൽകുന്നത് തലമുറകളെ വാർത്തെടുക്കുന്നവർക്കുള്ള ആദരവും ദുബായുടെ ഭാവിയിലേക്കുള്ള നിക്ഷേപവുമാണെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്റ്റർ ജനറൽ, ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു. ലോക അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗോൾഡൻ വിസ നൽകാനുള്ള ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശം, മനുഷ്യരുടെ വളർച്ചയിൽ വിദ്യാഭ്യാസത്തിനുള്ള നിർണായക പങ്കിനെ ദുബായ് വിലമതിക്കുന്നതിന്‍റെ തെളിവാണ്.
അറിവിൽ നിക്ഷേപിക്കാനും സമൂഹത്തിന്‍റെ പുരോഗതിക്കും ഭാവിക്കും സംഭാവന നൽകുന്ന പ്രതിഭകൾക്ക് കരുത്തുപകരാനുമുള്ള നേതൃത്വത്തിന്‍റെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോൾഡൻ വിസ നടപടികൾ സുഗമമാക്കുകയും മികച്ച വിദ്യാഭ്യാസ പ്രവർത്തകരുടെ ദീർഘകാല താമസസ്ഥിരതയ്ക്ക് പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ വകുപ്പ് ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.