വഖഫ് ദാതാക്കൾക്ക് ഗോൾഡൻ വിസ
ദുബായ്: മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നവരെ (വഖഫ് ദാതാക്കളെ) ആദരിക്കുന്നതിനായി ഗോൾഡൻ വിസ നൽകാൻ ദുബായ് തീരുമാനിച്ചു. ഇതിനായി, ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായും ഔഖാഫ് ദുബായും സഹകരണ കരാറിൽ ഒപ്പുവച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളെ ദുബായിയുടെ സാമൂഹിക - വികസന രംഗത്തെ പ്രധാന ഘടകമാക്കി മാറ്റാനുള്ള കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് പുതിയ നടപടി. 'ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സാമ്പത്തിക പിന്തുണക്കാർ' എന്ന വിഭാഗത്തിലാണ് ഇത്തരകാർക്ക് ഗോൾഡൻ വിസ ലഭിക്കുക. റസിഡന്‍റിനും- നോൺ റസിഡന്‍റിനും വഖഫ് (ദാനധർമ്മം) വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നവരെയാണ് ഇതിനായി പരിഗണിക്കുക.
ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന ജൈടെക്സ് ഗ്ലോബൽ 2025 -ലെ വേദിയിൽ ജിഡിആർഎഫ്എ - ദുബായ് ഡയറക്റ്റർ ജനറൽ ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയും ഔഖാഫ് ദുബായ് സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുതവയുമാണ് കരാർ ഒപ്പുവച്ചത്.
ഗോൾഡൻ വിസക്ക് അർഹരായ ദാതാക്കളെ ഔഖാഫ് ദുബായ് നാമനിർദേശം ചെയ്യും. കാബിനറ്റ് റെസല്യൂഷൻ നമ്പർ (65) 2022-ലെ മാനദണ്ഡങ്ങൾ പാലിക്കുന്നവരെയാണ് ഇതിനായി പരിഗണിക്കുക.
ഔഖാഫ് ദുബായിയുടെ ശുപാർശ അംഗീകരിച്ച ശേഷം ജിഡിആർഎഫ്എ ദുബായ് അത്തരം വിഭാഗത്തിൽ അർഹരായവർക്ക് വിസ അനുവദിക്കും. പദ്ധതിയുടെ നടത്തിപ്പ് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യങ്ങൾ വിലയിരുത്താനും ഇരു സ്ഥാപനങ്ങളും ചേർന്ന് ഒരു സംയുക്ത സമിതി രൂപീകരിക്കും