റോളയിൽ ബിജു ഒരുക്കിയ കാർഷികോദ്യാനം.
സ്വന്തം ലേഖകൻ
ഷാർജ: ഷാർജയുടെ നഗരഹൃദയമായ റോളയിൽ തൃശൂർ ജില്ലയിലെ നെല്ലായി സ്വദേശിയായ ബിജു ഒരുക്കിയ ഹരിതോദ്യാനം കാണാനും ആസ്വദിക്കാനും എത്തുന്നവരിൽ ഏറെയും വിദേശികളാണ്. റോളയിലെത്തുന്ന പ്രവാസികൾക്കും ബിജുവിന്‍റെ ഹോട്ടൽ അപ്പാർട്മെന്‍റിൽ താമസിക്കാനെത്തുന്ന വിവിധ രാജ്യങ്ങളിലെ സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ കാർഷികോദ്യാനം.
ബിജു
നാട്ടിലെ കർഷക കുടുംബത്തിൽ ജനിച്ച ബിജുവിന് ചെറുപ്പം മുതലേ ചെടികളും കാർഷികവിളകളും വളർത്തുന്നത് ഇഷ്ടമായിരുന്നു. പ്രവാസത്തിന്‍റെ തിരക്കുകൾക്കിടയിലും ആ പ്രകൃതിസ്നേഹം കൈവിടാതെ, തന്‍റെ കെട്ടിടത്തിനു മുന്നിലെ ചെറിയ ഇടത്തിൽ അദ്ദേഹം ഏതാനും ചെടികൾ നട്ടുപിടിപ്പിച്ചു. അതിലൊരു മുളകുതൈയിൽ ആദ്യമായി മുള പൊട്ടി പൂവിട്ടപ്പോൾ തോന്നിയ ആഹ്ളാദവും പ്രതീക്ഷയുമാണ് മരുഭൂമിയിലും തോട്ടം വളർത്തിയെടുക്കാമെന്ന ആത്മവിശ്വാസം നൽകിയത്.
അവധി കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയെത്തിയ സുഹൃത്തുക്കൾ എത്തിച്ചുനൽകിയ ചെടികളും വിത്തുകളും അദ്ദേഹത്തിന്‍റെ ആവേശം വർധിപ്പിച്ചു. എത്ര തിരക്കുള്ള ദിവസമായിരുന്നാലും തോട്ടത്തിന്‍റെ പരിചരണത്തിനായി ബിജു എന്നും സമയം കണ്ടെത്തിയിരുന്നു. ആ നിരന്തര ശ്രമത്തിന്‍റെ ഫലമാണിന്ന് പൂത്തുലഞ്ഞു നിൽക്കുന്ന ഈ സുന്ദര കാർഷികോദ്യാനം.
റോളയിൽ ബിജു ഒരുക്കിയ കാർഷികോദ്യാനം.
തുളസി, റോസ്, അലങ്കാരപ്പൂച്ചെടികൾ എന്നിവയ്‌ക്കൊപ്പം പച്ചമുളക്, വെണ്ട, വഴുതന, മുരിങ്ങ, പാവയ്ക്ക, വാഴ, പുതിന, പനികൂർക്ക, തക്കാളി, മഞ്ഞൾ എന്നിങ്ങനെ വിവിധ സസ്യങ്ങളുടെ നിര തന്നെ ഇവിടെ കാണാം. ഇതോടൊപ്പം കരുത്തോടെ വളർന്നു പൊങ്ങാൻ ഒരുങ്ങുന്ന അരയാൽ മരമാണ് ഇവിടുത്തെ വേറിട്ട കാഴ്ച. മരുഭൂമിയിൽ ജന്മനാടിന്‍റെ പാരിസ്ഥിതിക പുനരാവിഷ്‌കാരം നടത്താൻ കഴിഞ്ഞതിന്‍റെ ചാരിതാർത്ഥ്യത്തിലാണ് ഈ മലയാളി കർഷകൻ.