പ്രഥമ വൈഖരി നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഒക്ടോബർ 12-ന് അജ്മാനിൽ തുടക്കം: പ്രഥമ പുരസ്കാരം ഡോ. ബി. അരുന്ധതിക്ക്
ദുബായ്: അജ്‌മാൻ ശ്രീമദ് ഭാഗവത ധർമ്മവേദിയും വൈഖരി സംഗീതസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ വൈഖരി നവരാത്രി മണ്ഡപം സംഗീതോത്സവം ഒക്ടോബർ 12 മുതൽ 20 വരെ അജ്മാനിൽ നടക്കും. അജ്മാൻ ഗ്രാൻഡ് മാളിലെ അൽ തഖാഫിയ ഹാളാണ് ഒൻപത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സംഗീതോത്സവത്തിന് വേദിയാകുന്നത്.
ശാരദ നവരാത്രി പൂജാക്കാലത്തോടനുബന്ധിച്ച് തിരുവനന്തപുരം നവരാത്രി മണ്ഡപത്തിലെ ചിരപുരാതനമായ ആചാരാനുഷ്ഠാനങ്ങളുടെയും ശാസ്ത്രീയതയുടെയും അതേ ചിട്ടയിലാണ് ഈ സംഗീതോത്സവം ഒരുക്കിയിരിക്കുന്നത്. സ്വാതിതിരുനാൾ മഹാരാജാവ് രചിച്ച ശങ്കരാഭരണം, കല്യാണി, സാവേരി, തോടി, ഭൈരവി, പന്തുവരാളി, ശുദ്ധസാവേരി, നാട്ടക്കുറിഞ്ഞി, ആരഭി എന്നീ ഒൻപത് പുണ്യരാഗങ്ങളിലുള്ള നവരാത്രി മണ്ഡപ കീർത്തനങ്ങൾ ദിനംപ്രതി ആലപിച്ച് സംഗീതാർച്ചന നടത്തും.
ഒൻപതാം ദിനമായ ഒക്ടോബർ 20-ന് വൈകിട്ട് 8 മണിക്ക് പ്രശസ്ത കർണ്ണാടക സംഗീതജ്ഞയും സിനിമാ പിന്നണി ഗായികയുമായ ഡോ. ബി. അരുന്ധതി സംഗീതാരാധന നിർവ്വഹിക്കും. പ്രഥമ വൈഖരി നവരാത്രി മണ്ഡപ പുരസ്കാരം ഡോ. ബി. അരുന്ധതിക്ക് സമ്മാനിക്കും. പ്രശസ്തിപത്രവും ഫലകവും അവാർഡ് തുകയും അടങ്ങുന്ന പുരസ്കാരം അവർക്ക് സമ്മാനിക്കും.
കർണ്ണാടക സംഗീത ആചാര്യൻ ആയാംങ്കുടി മണി, വയലിൻ ആചാര്യൻ നെല്ലായ് K. വിശ്വനാഥൻ, മുഖർശംഖ് ആചാര്യൻ നെയ്യാറ്റിൻകര കൃഷ്ണൻ, വയലിൻ വിദ്വാൻ ഗണേഷ് അയ്യർ, സിനിമാ സംഗീത സംവിധായകൻ . അനിൽ ഗോപാലൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ A.P. ജിനൻ, സംഗീത വിദ്വാൻ പാലക്കാട് കെ.ബി. വിജയകുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 125-ലധികം സംഗീതജ്ഞരും 25-ലധികം വാദ്യോപകരണ കലാകാരന്മാരും ഈ ഉത്സവത്തിന്റെ ഭാഗമാകും.
വിജയദശമി ദിനമായ ഒക്ടോബർ 21-ന് രാവിലെ 5 മണി മുതൽ കുരുന്നുകൾക്കായി വിദ്യാരംഭ ചടങ്ങുകളും വൈഖരി മണ്ഡപത്തിൽ ഒരുക്കിയിട്ടുണ്ട്.