ഹത്ത ഹണി ഫെസ്റ്റിവലിന് തുടക്കമായി 
Pravasi

ഹത്ത ഹണി ഫെസ്റ്റിവലിന് തുടക്കമായി

തേനീച്ച കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന ഉത്സവം 31 ന് സമാപിക്കും.

Megha Ramesh Chandran

‌ദുബായ്: ദുബായ് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഹത്ത ഹണി ഫെസ്റ്റിവലിന് തുടക്കമായി. തേനീച്ച കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന ഉത്സവം ഈ മാസം 31 ന് സമാപിക്കും.

52 എമിറാത്തി തേനീച്ച കർഷകർ പരിപാടിയിൽ പങ്കെടുക്കും. മേഖലയുടെ സമഗ്ര വികസനത്തിന് വേണ്ടി രൂപം നൽകിയ ഹത്ത വികസന മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായാണ് ഈ പരിപാടി നടത്തുന്നത്.

ഉത്സവം താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും വൈവിധ്യമാർന്ന തേൻ ഇനങ്ങളെക്കുറിച്ച് അറിയാനും ഹത്തയുടെ പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ആസ്വദിക്കാനും അവസരം നൽകുമെന്ന് അധികൃതർ പറഞ്ഞു.

ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഈ പ്രദേശത്തിന്‍റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ അവിഭാജ്യ ഘടകമാണ് ഹത്ത ഹണി ഫെസ്റ്റിവലെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ ഏജൻസിയുടെ ആക്ടിംഗ് സിഇഒ ഡോ. നസീം മുഹമ്മദ് റഫി അഭിപ്രായപ്പെട്ടു. ഉത്സവ കാലയളവിൽ ദുബായ് മുനിസിപ്പാലിറ്റി ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് വിപുലമായ ലബോറട്ടറി പരിശോധനകൾ നടത്തും.

സന്ദർശകർക്ക് തേൻ ലേലം

ഈ വർഷത്തെ ഫെസ്റ്റിവലിൽ സന്ദർശകർക്ക് വിവിധതരം തേൻ ഇനങ്ങൾ വാങ്ങാൻ കഴിയുന്ന ലേലവും മികച്ച എമിറാത്തി തേൻ ഏതെന്ന് കണ്ടെത്താനുള്ള മത്സരവും ഉൾപ്പെടുന്നു.

വ്യത്യസ്ത ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന അഞ്ച് ബൂത്തുകൾ, തേൻ ഉത്പാദനത്തെക്കുറിച്ചുള്ള പത്ത് വിദ്യാഭ്യാസ ശിൽപശാലകൾ, ദൈനംദിന വിനോദ പരിപാടികൾക്കുള്ള വേദി, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിവയും ഫെസ്റ്റിവലിന്‍റെ സവിശേഷതയാണ്.

ബംഗ്ലാദേശിലെ വിസ സേവനങ്ങൾ ഇന്ത്യ പുനഃസ്ഥാപിക്കും

വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നേതൃത്വത്തെ അറിയിച്ചെന്ന് എംഎൽഎ കെ. ബാബു

പൂവാറിലെ പൊലീസുകാർക്ക് വയർലെസ് വഴി അടിയന്തര സ്ഥലം മാറ്റം

"ആറ്റുകാല്‍ അമ്മയ്ക്കെന്തിനാണ് ഫ്ലക്സ്?"; ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി