ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഇനി വെറും 3.4 സെക്കൻഡിൽ
ദുബായ്: നവീകരിച്ച സ്മാർട്ട് ഗേറ്റ് സംവിധാനത്തിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് വെറും 3.4 സെക്കൻഡിൽ ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കാൻ സൗകര്യമൊരുക്കി ദുബായ് വിമാനത്താവളം. പതിനൊന്ന് വർഷം മുമ്പ് ജിഡിആർഎഫ്എ ദുബായ് ഡയറക്റ്റർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പങ്കുവച്ച ദീർഘവീക്ഷണമാണ് ഇതോടെ യാഥാർഥ്യമായത്.
യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്ന സംവിധാനമാണ് പരിശോധന അതിവേഗത്തിലാക്കുന്നത്. വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനുള്ള സമയവും നടപടിക്രമങ്ങളിലെ ഘട്ടങ്ങളും കുറയുന്നതോടെ കാത്തിരിപ്പ് ഒഴിവാക്കി യാത്ര കൂടുതൽ സുഗമമാക്കാനാകും.
എയർലൈൻ ചെക്ക് ഇൻ സമയത്ത് ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതോടെയാണ് ഈ യാത്രാക്രമം ആരംഭിക്കുന്നതെന്ന് അൽ മർറി വിശദീകരിച്ചു. തുടർന്ന് ഈ വിവരങ്ങളുടെ സഹായത്തോടെ സ്മാർട്ട് ഗേറ്റുകളിലൂടെ ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കി ബോർഡിങ് ഗേറ്റിലേക്ക് നീങ്ങാം.
സ്മാർട്ട് സേവനങ്ങൾ യുഎഇയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും അതിർത്തി പ്രവേശനകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അൽ മർറി പറഞ്ഞു.