യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും

 
Pravasi

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും

ജൂൺ 26 മുതൽ 30 വരെ സേവനങ്ങൾ ലഭിക്കില്ല

UAE Correspondent

അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ പുതിയ ഏജൻസിക്ക് കൈമാറുന്നതിന്‍റെ ഭാഗമായി ജൂൺ 26 മുതൽ 30 വരെ അഞ്ച് ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജൂലൈ 1 മുതൽ പുതിയ സേവനദാതാക്കളായ 'അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്' യുഎഇയിലുടനീളം ഈ സേവനങ്ങൾ ഏറ്റെടുത്ത് നടത്തും. നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് ഇന്‍റർനാഷണൽ , എസ് ജി ഐവിഎസ് ഗ്ലോബൽ എന്നിവ ജൂൺ 25 പ്രവൃത്തിസമയത്തിന് ശേഷം പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. ഈ അഞ്ച് ദിവസത്തെ താൽക്കാലിക മുടക്കത്തിനിടയിലും അടിയന്തര പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ തടസ്സമില്ലാതെ തുടരും.

അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും നേരിട്ടായിരിക്കും അടിയന്തര അപേക്ഷകൾ കൈകാര്യം ചെയ്യുക. അടിയന്തര ഹെൽപ്‌ലൈൻ നമ്പറുകൾ:ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA) വാട്‌സാപ്പ്: +971 54 309 0571, ഇമെയിൽ: pbsk.dubai@mea.gov.in

ജൂലൈ 1 മുതൽ അൽ ഹിന്ദ് പുതിയ ഓൺലൈൻ അപ്പോയിന്‍റ്മെന്‍റ് പോർട്ടൽ ആരംഭിക്കും. യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി ആകെ 16 കോൺസുലാർ സർവീസ് സെന്‍ററുകളാണ് അൽ ഹിന്ദ് വഴി പ്രവർത്തിക്കുക.