ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര ഗോൾഡ് പുരസ്‌കാരം

 
Pravasi

ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര ഗോൾഡ് പുരസ്‌കാരം

എച്ച്ആർ ഡേറ്റ അനലിറ്റിക്സിൽ പുരസ്കാരം നേടുന്ന ദുബായിലെ ആദ്യ സർക്കാർ സ്ഥാപനമായി ജിഡിആർഎഫ്എ

UAE Correspondent

ദുബായ്: മനുഷ്യവിഭവശേഷി ആസൂത്രണവും ഡേറ്റ വിശകലനവും സമന്വയിപ്പിച്ച് വികസിപ്പിച്ച നൂതന സംവിധാനത്തിന് ജിഡിആർഎഫ്എ ദുബായിക്ക് അന്താരാഷ്ട്ര ഗോൾഡ് പുരസ്‌കാരം. ദി ഇക്കണോമിക് ടൈംസ് ഹ്യൂമൻ ക്യാപിറ്റൽ അവാർഡ്‌സ് മെന 2026-ൽ ‘എക്സലൻസ് ഇൻ എച്ച്ആർ ഡേറ്റ അനലിറ്റിക്സ്’വിഭാഗത്തിലാണ് അംഗീകാരം. ഈ വിഭാഗത്തിൽ ഗോൾഡ് നേടുന്ന ദുബായിലെ ആദ്യ സർക്കാർ സ്ഥാപനമാണ് ജിഡിആർഎഫ്എ.

ജീവനക്കാരുടെ വിന്യാസം കാര്യക്ഷമമാക്കാനും ഭാവിയിലെ മനുഷ്യവിഭവശേഷി ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിയാനുമായി വികസിപ്പിച്ച ‘ഗവൺമെന്‍റ് വർക്ക്‌ഫോഴ്‌സ് ഇന്‍റലിജൻസ് ഇക്കോസിസ്റ്റം’എന്ന പദ്ധതിക്കാണ് പുരസ്‌കാരം ലഭിച്ചത്.

ജീവനക്കാരുടെ കഴിവുകളും സ്ഥാപനത്തിന്‍റെ പ്രവർത്തന ആവശ്യങ്ങളും കൃത്യമായി വിലയിരുത്തി ഭാവിയിലേക്കുള്ള ആസൂത്രണം കൂടുതൽ ഫലപ്രദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2024-ൽ തയ്യാറാക്കിയ സ്ഥാപനഘടനാ മാനേജ്‌മെന്‍റ് മാർഗരേഖയുടെ തുടർച്ചയായാണ് ഈ സംവിധാനം വികസിപ്പിച്ചത്.

സ്ഥാപനഘടന, ജീവനക്കാരുടെ വിന്യാസം, ഡേറ്റ വിശകലനം, പ്രവർത്തന സൂചികകൾ, ഭാവിയിലെ ആവശ്യങ്ങൾ എന്നിവയെ ഒരൊറ്റ സംവിധാനത്തിൽ ബന്ധിപ്പിക്കുന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതിലൂടെ കൂടുതൽ കൃത്യതയോടെയും കാര്യക്ഷമതയോടെയും തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും.

ഭാവിക്കായി സജ്ജമായ സർക്കാർ സ്ഥാപനങ്ങളെ കെട്ടിപ്പടുക്കുന്നതിന്‍റെ അടിസ്ഥാനം മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപമാണെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം പ്രവർത്തനക്ഷമത വർധിപ്പിക്കാനും മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നൂതന സർക്കാർ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ എമിറാത്തി പ്രതിഭകൾക്കുള്ള കഴിവാണ് രാജ്യാന്തര തലത്തിലെ ഈ അംഗീകാരം വ്യക്തമാക്കുന്നതെന്നും അൽ മർറി പറഞ്ഞു.