സേവന മികവിന് വീണ്ടും ദുബായ് ഗവൺമെന്റിന്റെ അംഗീകാരം; എംഎസ്എസിന് 'ഇത്റാ എക്സലൻസ് അവാർഡ്'
ദുബായ്: മൂന്ന് പതിറ്റാണ്ടായി സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്ന മോഡൽ സർവീസ് സൊസൈറ്റി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ "ഇത്റാ എക്സലൻസ് അവാർഡ്" നേടി.
സിഡിഎയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 146- സാമൂഹിക സംഘടനകളിൽനിന്നാണ് എംഎസ്എസിനെ മികച്ച സംഘടനയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ഗോൾഡ് അവാർഡ് നേടിയ എംഎസ്എസ് ഇത്തവണ പ്രത്യേക എക്സലൻസ് വിഭാഗത്തിന്റെ അന്തിമപട്ടികയിലെത്തിയ മൂന്ന് സംഘടനകളിൽ ഒന്നാം സ്ഥാനം നേടി. മൂന്ന് ലക്ഷം ദിർഹമാണ് പാരിതോഷികം.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രവർത്തനശേഷിയും അവ നൽകുന്ന സാമൂഹിക സേവനങ്ങളുടെ ഗുണനിലവാരവും ഉയർത്തുകയാണ് സിഡിഎയുടെ ‘ഇത്റാ’ പദ്ധതിയുടെ ലക്ഷ്യം. സംഘടനകളുടെ ഭരണനിർവഹണം, ഓഡിറ്റ് രേഖകൾ, സാമ്പത്തിക കണക്കുകൾ എന്നിവയും വിദഗ്ധ സമിതി പരിശോധിച്ചു.
ദുബായ് എമിറേറ്റ്സ് ടവേഴ്സിൽ നടന്ന ചടങ്ങിൽ സിഡിഎ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദിൽനിന്ന് എംഎസ്എസ് ചെയർമാൻ ഫയ്യാസ് അഹമ്മദ്, ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത്, വൈസ് ചെയർമാൻ നസീർ അബൂബക്കർ, ട്രഷറർ അബ്ദുൽ മുത്തലിബ്, ജനറൽ കൺവീനർ ഉമ്മർ ടി.വി. എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തിയ സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും അസോസിയേഷനുകളെയും ചടങ്ങിൽ ആദരിച്ചു.
കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും സമൂഹത്തിനായി സമയം നീക്കിവെക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് പുരസ്കാരം സമർപ്പിക്കുന്നതായും ചെയർമാൻ ഫയ്യാസ് അഹമ്മദ് പറഞ്ഞു. 1,140 സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിലാണ് സംഘടന പ്രവർത്തിക്കുന്നത്.