കാസര്‍ഗോഡ് കെഎം സിസി ലീഡെക്‌സ് ഹൊറൈസണ്‍; നവംബര്‍ 1 ന് ദുബായിൽ; ജില്ലയിലെ യുഡിഎഫ് എംഎൽഎമാർക്ക് സ്വീകരണം നൽകും
ദുബായ്: ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡെക്‌സ് ഹൊറൈസണ്‍ 2026 ഡെലിഗേറ്റ് സമ്മിറ്റും നാഷണല്‍ കോണ്‍ഫറന്‍സും നവംബര്‍ 1 ഞായറാഴ്ച ദുബായ് അല്‍ ബറാഹയിലെ വിമന്‍സ് അസോസിയേഷന്‍ ഹാള്‍ (പി.എ. ഇബ്രാഹിം ഹാജി സ്‌കയറില്‍) നടക്കും.
രാവിലെ 8ന് ഡെലിഗേറ്റ് സമ്മിറ്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളും വൈകിട്ട് 6 മണിക്ക് നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും.
നാഷണല്‍ കോണ്‍ഫറന്‍സില്‍ യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്ങരക്ക് ഓര്‍ഗനൈസേഷന്‍ പ്രൈഡ് അവാര്‍ഡ്, ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് വിഷനറി എന്റര്‍പ്രണര്‍ അവാര്‍ഡ്, പി.എ. സല്‍മാന്‍ ഇബ്രാഹിമിന് ലെഗസി ഓഫ് എജുക്കേഷന്‍ ആന്‍ഡ് സോഷ്യൽ ഇംപാക്റ്റ് അവാര്‍ഡ്, ബഷീര്‍ കിന്നിംഗാറിന് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഐക്കണ്‍ അവാര്‍ഡ് എന്നിവ സമ്മാനിക്കും.
മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും കാസർഗോഡ് ജില്ലയില്‍നിന്ന് ചരിത്രവിജയം നേടിയ യുഡിഎഫ് എംഎല്‍എമാരായ കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം. അഷ്‌റഫ് , സന്ദീപ് വാര്യർ എന്നിവര്‍ക്കും സ്വീകരണം നല്‍കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രജിസ്റ്റര്‍ ചെയ്ത 600ലധികം പ്രതിനിധികള്‍ ഡെലിഗേറ്റ് സമ്മിറ്റില്‍ പങ്കെടുക്കും. പ്രമുഖ വാഗ്മികളും മോട്ടിവേറ്റീവ് സ്പീക്കര്‍മാരുമായ ഡോ. റഷീദ് ഗസാലി, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി, പി.എം.എ. ഗഫൂര്‍, ശരീഫ് കുറ്റൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
നാഷണല്‍ കോണ്‍ഫറന്‍സില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.ഇ അബ്ദുല്‍ ഗഫൂര്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എ. അബ്ദുറഹ്മാന്‍, കാസർഗോഡ് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്‍റ് എന്‍.എ. നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി പി.എം. മുനീര്‍ ഹാജി, ജില്ലാ ട്രഷറര്‍ കെ.ഇ.എ ബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോല്‍ക്കളി, ദഫ് മുട്ട്, അറബിക് ഡാന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും. കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാനും ചന്ദ്രിക ഡയറക്ടറും പ്രമുഖ വ്യവസായിയുമായിരുന്ന, അന്തരിച്ച ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ നാമേധയത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്.
ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ,ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ ,ട്രഷറർ ഡോക്ടർ ഇസ്മായിൽ ദുബായ് കെ എം സി സി വൈസ് പ്രസിഡന്റമാരായ അബ്ദുല്ല ആറങ്ങാടി ,ഹംസ തൊട്ടി, സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ, മീഡിയ വിങ് ചെയർമാൻ പി ഡി നൂറുദ്ദീൻ ഭാരവാഹികളായ കെ പി അബ്ബാസ് കളനാട്, അഷറഫ് ബായാർ, ഫൈസൽ മുഹ്സിൻ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍. പങ്കെടുത്തു