കേരള ഫെസ്റ്റ് 2026 ഭോപ്പാലിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.
MV
ഭോപ്പാൽ: കേരളത്തിന്‍റെ കലയും സംഗീതവും നൃത്തവും രുചിയും മധ്യപ്രദേശിലെത്തിക്കുന്ന 'കേരള ഫെസ്റ്റ് 2026' ഭോപ്പാലിൽ ആരംഭിച്ചു. കേരള ഫെസ്റ്റിന്‍റെ മൂന്നാം പതിപ്പാണിത്, അഞ്ചു ദിവസം നീളുന്ന ആഘോഷത്തിൽ കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പരമ്പരാഗത കലകളും സംഗീതവും നൃത്തവും ഭക്ഷണവും അവതരിപ്പിക്കപ്പെടുമെന്ന് സംഘാടകരായ യുണൈറ്റഡ് മലയാളി അസോസിയേഷൻ (യുഎംഎ) അറിയിച്ചു.
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ബുധനാഴ്ച വൈകിട്ട് മേള ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശ് നിയമസഭാ സ്പീക്കർ നരേന്ദ്ര സിങ് തോമർ, മറ്റു മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിന്‍റെ തനത് നാടൻകലയായ പുലിക്കളിയാണ് മേളയുടെ മുഖ്യ ആകർഷണം. പുലിവേഷം കെട്ടി ശരീരം മുഴുവൻ ചായം പൂശിയ കലാകാരന്മാർ താളമേളങ്ങളുടെ അകമ്പടിയിൽ ചുവടുവെക്കുന്ന ഈ കല ഓണക്കാലത്തെ കേരളത്തിന്‍റെ കാഴ്ചയാണ്. കേരള ഫോക്‌ലോർ അക്കാഡമിയുടെ പങ്കാളിത്തം മേളയ്ക്ക് കൂടുതൽ നിറം പകരും. കേരളത്തിന്‍റെ പരമ്പരാഗത കലകളും നാടൻ ആചാരങ്ങളും കരകൗശല ഉൽപ്പന്നങ്ങളും മേളയിൽ പരിചയപ്പെടുത്തും.
ഭോപ്പാലിൽ സംഘടിപ്പിക്കുന്ന കേരള ഫെസ്റ്റിനു മുന്നോടിയായി നടത്തിയ പുലികളി റോഡ് ഷോ.
മേളയുടെ മുന്നോടിയായി ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 'പുലിക്കളി റോഡ്‌ഷോ' സംഘടിപ്പിച്ചു. ഭോപ്പാൽ എംപി അലോക് ശർമ ഫ്ലാഗ് ഓഫ് ചെയ്ത റോഡ്‌ഷോ ലാൽഘാട്ടി (മിലിട്ടറി റോഡിനു സമീപം) നിന്ന് ആരംഭിച്ച് കമല പാർക്ക്, ന്യൂ മാർക്കറ്റ്, ടിടി നഗർ, എംപി നഗർ, 10 നമ്പർ എന്നിവിടങ്ങളിലൂടെ കടന്ന് ബിട്ടൻ മാർക്കറ്റ് ഗ്രൗണ്ടിൽ സമാപിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തത്.
കേരളവും മധ്യപ്രദേശും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുകയും 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ദേശീയ ഐക്യ സങ്കൽപ്പത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം. സാംസ്കാരിക വിനിമയത്തിനും വിനോദസഞ്ചാര പ്രചാരണത്തിനും വേദിയാകുന്ന മേള ഭോപ്പാലിലെ മലയാളി സമൂഹത്തെയും തദ്ദേശവാസികളെയും ഒരേ വേദിയിൽ ഒരുമിപ്പിക്കും.