യുഎസിൽ നടന്ന എംഎ കോളേജ് പൂർവ വിദ്യാർഥി കുടുംബ സംഗമം കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: ഓർമകൾക്ക് നിറം പകർന്ന് എംഎ കോളേജ് പൂർവ വിദ്യാർഥികൾ യുഎസിൽ ഒത്തുകൂടി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങി, അമെരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ താമസിക്കുന്ന പൂർവ വിദ്യാർഥികളുടെ കുടുംബ സംഗമം ഫിലാഡൽഫിയയിലാണ് നടത്തിയത്.
മൂന്ന് ദിവസങ്ങളിലായി നടത്തിയ സംഗമം എംഎ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടനയുടെ അമെരിക്കൻ ചാപ്റ്റർ പ്രസിഡന്റ് സാബു സ്കറിയ അധ്യക്ഷത വഹിച്ചു. 24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടിവ് എഡിറ്റർ വി. അരവിന്ദ്, അമെരിക്കയിലെ പ്രമുഖ പേപ്പർ കമ്പനിയായ മേരിലാൻഡ്ന്റെ പ്രസിഡന്റും സിഇഒയുമായ മാത്യു ചക്കോള എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് മുഖ്യപ്രഭാഷണം നടത്തി.
അനു ഡെനിൽ, മീന തമ്പി, സച്ചി സാബു, ജോസഫ് കുര്യപ്പുറം, സാജു പൗലോസ്, വിൻസെന്റ് ഇമ്മനുവൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വർഷങ്ങൾക്ക് ശേഷം പഴയ ക്ലാസ് മുറികളിലെ ഓർമകൾ പങ്കുവയ്ക്കാനും, അധ്യാപകരെ ഓർക്കാനും, കോളെജ് ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ പറഞ്ഞ് ചിരിക്കാനും ഈ സംഗമം വലിയ അവസരമായി. പലരും കുടുംബസമേതമാണ് എത്തിയത്. കുട്ടികളും മുതിർന്നവരും ഒരുപോലെ പരിപാടികളിൽ പങ്കെടുത്തു.
സഹപാഠികളെയും സമകാലികരെയും കണ്ടുമുട്ടി, ജീവിതാനുഭവങ്ങൾ പങ്കിടുന്നതിന് ലഭിച്ച അസുലഭ സംഗമത്തിലേക്ക് അമെരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലേറെ പൂർവ വിദ്യാർഥികൾ എത്തി. പലരും പതിറ്റാണ്ടുകൾക്ക് ശേഷമാണ് പരസ്പരം കാണുന്നത്. ആ കൂടിക്കാഴ്ചയുടെ സന്തോഷം എല്ലാവരുടെയും മുഖത്ത് നിറഞ്ഞുനിന്നു.
നൃത്തവും പാട്ടും ഡി.ജെ. നൈറ്റും വയലിൻ സംഗീതവും എല്ലാമായി മൂന്ന് ദിവസങ്ങൾ ആഘോഷപൂർണ്ണമായി. സൗഹൃദത്തിനും സ്നേഹത്തിനും പ്രാധാന്യം നൽകിയായിരുന്നു ഓരോ പരിപാടിയും ഒരുക്കിയിരുന്നത്.
ജനറൽ സെക്രട്ടറി ജോബി മാത്യു, ട്രഷറർ ജോർജ് വർഗീസ് മാലിയിൽ, വൈസ് പ്രസിഡന്റ് ജെയ്ബി റോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.