Representative image of a Sharjah policevehicle
ഷാർജ: ഷാർജയിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട ഉഡുപ്പി സ്വദേശി ആൽവിൻ പ്രകാശ് കുന്ദറെ (51)യുടെ ഭാര്യയെയും മകനെയും കാണാനില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ടയാളുടെ ഭാര്യയും മകനും തികച്ചും സുരക്ഷിതരായി സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായി കുറ്റാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇരുവരെയും കാണാനില്ലെന്ന തരത്തിൽ യാതൊരു പരാതിയും എവിടെയും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അധികൃതർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ് സംശയകരമായ സാഹചര്യത്തിൽ ഒരാൾ മരിച്ചതായി ഷാർജ പൊലീസിന് സന്ദേശം ലഭിക്കുന്നത്. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് പ്രഫഷനൽ അന്വേഷണ സംഘവും വിരലടയാള വിദഗ്ധരും അടങ്ങുന്ന ഫോറൻസിക് ടീം ഉടനടി സംഭവസ്ഥലത്തെത്തി.
പ്രദേശത്തുനിന്ന് നിർണായക തെളിവുകളും വിവരങ്ങളും ശേഖരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന്‍റെ പ്രത്യേക ഉത്തരവുപ്രകാരം മൃതദേഹം വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് മാറ്റി.
കേസിലെ പ്രതികൾക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നു മാത്രം ശേഖരിക്കാൻ പൊതുജനങ്ങളും മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് ഷാർജ പൊലീസ് പ്രത്യേക നിർദേശം നൽകി.