അക്കാഫ് ഇവന്‍റ്സിന്‍റെ നേതൃത്വത്തിൽ യുഎഇ യിൽ വായനശാല ഒരുങ്ങുന്നു

 
Pravasi

അക്കാഫ് ഇവന്‍റ്സിന്‍റെ നേതൃത്വത്തിൽ യുഎഇ യിൽ വായനശാല ഒരുങ്ങുന്നു

അംഗത്വമെടുക്കുന്ന വായനക്കാർക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള സൗകര്യവുമുണ്ടാകും.

UAE Correspondent

ദുബായ്: പ്രവാസികൾക്കിടയിൽ വായന വളർത്തുന്നതിനും പുതു എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അക്കാഫ് ഇവന്‍റ്‌സ് ലിറ്റററി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ വായനശാല പ്രവർത്തനം ആരംഭിക്കുന്നു. ഏപ്രിൽ അവസാനം ദുബായ് അൽ നഹ്ദയിലെ സഹീൽ–2 ബിൽഡിങ്ങിലെ അക്കാഫ് ഓഫീസിൽ (നമ്പർ: 302) വായനശാലയുടെ ഉദ്ഘാടനം നടക്കും.

നാട്ടിലെ ഗ്രാമീണ ഗ്രന്ഥശാലകളുടെ മാതൃകയിൽ സജ്ജീകരിക്കുന്ന ഈ വായനശാലയിൽ, തുടക്കത്തിൽ ആയിരത്തിലധികം പുസ്തകങ്ങൾ ലഭ്യമാകും. അംഗത്വമെടുക്കുന്ന വായനക്കാർക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള സൗകര്യവുമുണ്ടാകും.

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സാദിഖ് കാവിൽ വായനശാലയിലേക്കുള്ള ആദ്യ പുസ്തകം കൈമാറി. എഴുത്തുകാരൻ ജോയ് ഡാനിയൽ, മാധ്യമപ്രവർത്തകരായ പ്രമദ് വി കുട്ടി, നിസാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ലോകസാഹിത്യം, മലയാള കൃതികൾ, പ്രവാസി എഴുത്തുകാരുടെ സവിശേഷ പുസ്തകശേഖരം, റഫറൻസ് ഗ്രന്ഥങ്ങൾ, ഓർമ പുസ്തകങ്ങൾ, ബാലസാഹിത്യം, യാത്രാ വിവരണം എന്നിവ ഇവിടെയുണ്ടാകും.

അക്കാഫ് ലിറ്റററി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ എല്ലാ മാസവും എഴുത്തുകാരുമായുള്ള സംവാദം, പുസ്തക പരിചയം, സാഹിത്യ ചർച്ചകൾ, പ്രമുഖ വ്യക്തികളുമായുള്ള മുഖാമുഖം എന്നിവ സംഘടിപ്പിക്കും. പരിപാടികൾ അക്കാഫ് യു ട്യൂബ് ചാനലിലൂടെ കാണാം.

വായനശാലയോടനുബന്ധിച്ച് ഓൾ കേരള അടിസ്ഥാനത്തിൽ 35 വയസ്സുവരെയുള്ളവർക്കായി ചെറുകഥാ മത്സരം നടത്തും. യുഎഇ സ്കൂൾ വിദ്യാർഥികൾക്കായി ഇംഗ്ലീഷിലുള്ള കഥാരചനാ മത്സരവും ഉണ്ടാകും.

മാധ്യമപ്രവർത്തകൻ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, എഴുത്തുകാരനും അധ്യാപകനുമായ ഡോ. ജോർജ് ഓണക്കൂർ, എഴുത്തുകാരി ഗീത മോഹൻ എന്നിവരാണ് ലിറ്റററി ക്ലബ്ബിന്‍റെ രക്ഷാധികാരികൾ.

വായനശാലയുടെ സുഗമമായ നടത്തിപ്പിനായി അനൂപ് കുമ്പനാട് (കൺവീനർ), ശ്രീകുമാർ (ചീഫ് ലൈബ്രേറിയൻ), വി.സി. മനോജ് (കോ ഒാർഡിനേറ്റർ), ഉമ്മർ ഫാറൂഖ്, അക്ബർ അലീക്കര എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ടീം പ്രവർത്തിക്കുന്നുണ്ടെന്ന് അക്കാഫ് ഭാരവാഹികളായ ഷാഹുൽ ഹമീദ്, ചാൾസ് പോൾ, വി. എസ്. ബിജുകുമാർ, ജൂഡിൻ ഫെർണാണ്ടസ്, കെ.വി മനോജ് എന്നിവർ അറിയിച്ചു.

ഓണം മഴ‍യിൽ കുതിരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സൈറൺ മുഴങ്ങും

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ