മാർക്ക് ആൻഡ് സേവ് നാലാം ഗ്ലോബൽ ആനിവേഴ്സറി മെഗാ സെയിലിന് തുടക്കം: ജിസിസിയിലെ 26 സ്റ്റോറുകളിലായി 21 ദിവസത്തെ ആഘോഷം
ദുബായ്: ജിസിസിയിലെ പ്രമുഖ വാല്യൂ റീട്ടെയിൽ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സേവ് നാലാം ഗ്ലോബൽ ആനിവേഴ്സറി മെഗാ സെയിൽ പ്രഖ്യാപിച്ചു. നവംബർ 23 മുതൽ ഡിസംബർ 13 വരെ ജിസിസിയിലുടനീളമുള്ള ഇരുപത്തിയാറ് സ്റ്റോറുകളിലായാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
വാർഷികാഘോഷത്തിന്റെ ഭാഗമായി ഇലക്ട്രോണിക്സ്, സൂപ്പർമാർക്കറ്റ്, എഫ്എംസിജി, ലൈഫ്സ്റ്റൈൽ, ഹോം ആൻഡ് ഹൗസ്ഹോൾഡ് എന്നീ വിഭാഗങ്ങളിൽ വമ്പിച്ച വിലക്കുറവുകളാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ആഴ്ചകളിലായി ഓരോ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പിലൂടെ ഓരോ ഭാഗ്യശാലിക്ക് വീതം ആകെ മൂന്ന് എസ്യുവികൾ സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും.
ഇതിനുപുറമെ, നേരത്തെ പ്രഖ്യാപിച്ച മില്യൺ ഡ്രീംസ് ക്യാംപെയിനിലൂടെ രണ്ട് ലക്ഷം ദിർഹത്തിന്റെ മെഗാ ക്യാഷ് പ്രൈസും പതിമൂന്ന് കാറുകളും മറ്റ് നിരവധി സമ്മാനങ്ങളും നേടാനാകും. കമ്പനിയുടെ നാല് വർഷത്തെ വളർച്ചയ്ക്ക് പിന്നിലെ ഏറ്റവും വലിയ ശക്തി ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയുമാണെന്ന് വാർത്താസമ്മേളനത്തിൽ സംസാരിച്ച മാർക്ക് ആൻഡ് സേവ് ഗ്രൂപ്പ് ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് ഫാസിൽ പി. പറഞ്ഞു.
വാണിജ്യ നേട്ടങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്കും മാർക്ക് ആൻഡ് സേവ് പ്രാധാന്യം നൽകുന്നുണ്ട്. സമൂഹത്തിലെ സ്ത്രീകളുടെ സംഭാവനകളെ ആദരിക്കുന്നതിനായി നടപ്പാക്കിയ 'സെലിബ്രേറ്റ് ഹെർ' ക്യാംപെയിന് വേൾഡ് റീട്ടെയിൽ ഫോറത്തിൽ 'ബെസ്റ്റ് വിമൻ-ലെഡ് ഇനിഷ്യേറ്റീവ്' പുരസ്കാരം ലഭിച്ചത് കമ്പനിയുടെ വളർച്ചയിലെ അഭിമാനകരമായ നേട്ടമാണെന്ന് മുഹമ്മദ് ഫാസിൽ വ്യക്തമാക്കി.
മാർക്കറ്റിങ് ഹെഡ് വൈശാഖ് കെ.എസ്., മാർക്കറ്റിങ് മാനേജർ ആബിദ് അഹമ്മദ് സിദ്ദിഖി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫഹദ് തോട്ടശേരി, കാറ്റഗറി ഹെഡ് (ജിഎം) സൗരദീപ്ത ചാറ്റർജി, കാറ്റഗറി ഹെഡ് (എഫ്എംസിജി) റെഹാൻ അഹമ്മദ്, കാറ്റഗറി ഹെഡ് (ലൈഫ്സ്റ്റൈൽ) സുദീപ് സുരേഷ്ബാബു, കാറ്റഗറി മാനേജർ (ഇലക്ട്രോണിക്സ്) ആഖിബ് അലി, കാറ്റഗറി മാനേജർ (സൂപ്പർമാർക്കറ്റ്) ഫായിസ് കുയ്യാലിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.