ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സുഗമമായി സഞ്ചരിക്കുന്നതിനായി ലിഫ്റ്റുകൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ പാലങ്ങളിൽ സജ്ജീകരിക്കും.

 
Pravasi

നടപ്പാലങ്ങൾ നിർമിക്കാൻ ദുബായ് ഹോൾഡിങ് കമ്മ്യൂണിറ്റി മാനേജ്മെന്‍റുമായി കരാർ ഒപ്പുവച്ച് ദുബായ് ആർടിഎ

പാം ജുമൈറയിലെ ഷോർലൈൻ, ഗോൾഡൻ മൈൽ എന്നിവിടങ്ങളിലാണ് ഈ പുതിയ നടപ്പാലങ്ങൾ നിർമിക്കുന്നത്.

UAE Correspondent

ദുബായ്: പാം ജുമൈറയിലെ കാൽനടയാത്രക്കാരുടെ സുരക്ഷയും ഗതാഗത സാധ്യതയും വർദ്ധിപ്പിക്കുന്നതിനായി രണ്ട് പുതിയ നടപ്പാലങ്ങൾ നിർമിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബായ് ഹോൾഡിങ് കമ്മ്യൂണിറ്റി മാനേജ്മെന്‍റും കരാറിൽ ഒപ്പുവച്ചു.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഹുസൈൻ അൽ ബന്നയും ദുബായ് ഹോൾഡിങ് കമ്മ്യൂണിറ്റി മാനേജ്മെന്‍റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഫ്രാൻസിസ് ജിയാനിയും ചേർന്നാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

പാം ജുമൈറയിലെ ഷോർലൈൻ, ഗോൾഡൻ മൈൽ എന്നിവിടങ്ങളിലാണ് ഈ പുതിയ നടപ്പാലങ്ങൾ നിർമിക്കുന്നത്. നഗരത്തിലെ റോഡ് ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് ആർടിഎയും ദുബായ് ഹോൾഡിംഗും വ്യക്തമാക്കി.

മണിക്കൂറിൽ ഏകദേശം 2,700 കാൽനടയാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ പാലങ്ങൾ. ഷോർലൈൻ പാലത്തിന്‍റെ നിർമാണം 2027 ജൂണിലും, ഗോൾഡൻ മൈൽ പാലത്തിന്‍റെ നിർമാണം 2027 ഒക്ടോബറിലും പൂർത്തിയാകും. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ചുറ്റുമുള്ള ജങ്ഷനുകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം 50 ശതമാനം വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ ഏകദേശം 16,000 താമസക്കാർക്ക് ഈ നടപ്പാലങ്ങൾ നേരിട്ട് പ്രയോജനം ചെയ്യും.

ഓരോ പാലത്തിനും 40 മീറ്റർ നീളമുണ്ടാകും. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സുഗമമായി സഞ്ചരിക്കുന്നതിനായി ലിഫ്റ്റുകൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ പാലങ്ങളിൽ സജ്ജീകരിക്കും. പൊതു- സ്വകാര്യ സഹകരണത്തിന്‍റെ മികച്ച മാതൃകയാണ് ഈ പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.