പൂക്കളുടെ വിസ്മയക്കാഴ്ച ഒരുക്കി മിറക്കിൾ ഗാർഡൻ തുറന്നു: ജന്മദിനത്തിൽ സൗജന്യ പ്രവേശനം

 
Pravasi

പൂക്കളുടെ വിസ്മയക്കാഴ്ച ഒരുക്കി മിറക്കിൾ ഗാർഡൻ തുറന്നു: ജന്മദിനത്തിൽ സൗജന്യ പ്രവേശനം

ഒക്റ്റോബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ ജന്മദിനം വരുന്നവർക്ക് ഗാർഡന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം

UAE Correspondent

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പോദ്യാനമായ ദുബായ് മിറക്കിൾ ഗാർഡന്‍റെ പതിനഞ്ചാമത് സീസണ് തുടക്കമായി. യുഎഇ നിവാസികൾക്ക് സ്വന്തം ജന്മദിനത്തിൽ സൗജന്യ പ്രവേശനവും ഓരോ വാരത്തിലും വേറിട്ട പ്രമേയങ്ങളിലുള്ള വിനോദപരിപാടികളും അവതരിപ്പിച്ചുകൊണ്ടാണ് പുതിയ സീസണിന്‍റെ തുടക്കം.

'പതിനഞ്ചു വർഷങ്ങൾ, ഒന്നിച്ച് വിരിയുന്നു' എന്ന പ്രമേയത്തിൽ അണിയിച്ചൊരുക്കിയ പുതിയ സീസൺ മിറക്കിൾ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

യുഎഇ നിവാസികൾക്ക് തങ്ങളുടെ ജന്മദിനത്തിൽ രണ്ട് സൗജന്യ പ്രവേശന ടിക്കറ്റുകളാണ് ദുബായ് മിറക്കിൾ ഗാർഡൻ സമ്മാനിക്കുന്നത്. ഇവരോടൊപ്പം എത്തുന്ന സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവുകളും ലഭിക്കും.

ഒക്റ്റോബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ ജന്മദിനം വരുന്നവർക്ക് ഗാർഡന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം. ജന്മദിനത്തിന് രണ്ടു ദിവസം മുൻപ് ഇമെയിൽ വഴിയോ വാട്സാപ്പ് വഴിയോ ഇത്തരത്തിൽ സൗജന്യ ടിക്കറ്റുകൾ ലഭ്യമാകും.

അൽ ബർഷ സൗത്ത് 3-ൽ 72,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഉദ്യാനത്തിൽ 150-ൽ പരം ഇനങ്ങളിലായി 200 ദശലക്ഷത്തിലധികം തത്സമയ പൂക്കളാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.

യുഎഇ രക്തസാക്ഷി ദിനം, ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്)എന്നിവയോടനുബന്ധിച്ചുള്ള പ്രത്യേക സാംസ്കാരിക പരിപാടികളും പാർക്കിൽ അരങ്ങേറും. ഗിന്നസ് റെക്കോർഡ് നേടിയ എമിറേറ്റ്സ് എ380 വിമാനത്തിന്‍റെ പുഷ്പമാതൃക, ഭീമാകാരമായ ഫ്ലോറൽ കാസിൽ, ഫ്ലോറൽ ക്ലോക്ക് എന്നിവയുൾപ്പെടെ അമ്പതിലധികം വൻകിട പുഷ്പനിർമിതികൾ സന്ദർശകരെ ആകർഷിക്കും.

2027 മേയ് 31 വരെയാണ് മിറക്കിൾ ഗാർഡന്‍റെ ഈ സീസൺ നീണ്ടുനിൽക്കുക. സാധാരണ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തന സമയം. മുതിർന്നവർക്ക് 105 ദിർഹവും കുട്ടികൾക്ക് 84 ദിർഹവുമാണ് പ്രവേശന നിരക്ക്. മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. വെബ്സൈറ്റ് വഴി മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്.