ദുബായ് ഇമിഗ്രേഷൻ ഓഫീസ് സന്ദർശിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതതല സംഘം
ദുബായ്: വിസ–താമസ സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാൻ ദുബായ് നടപ്പാക്കിയ പദ്ധതികളും പ്രവർത്തനരീതികളും അറിയുന്നതിന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധിസംഘം ജിഡിആർഎഫ്എ ദുബായ് ഓഫീസ് സന്ദർശിച്ചു. ഖത്തർ പാസ്‌പോർട്ട്‌സ് ഡയറക്ടറേറ്റിലെ ഏകീകൃത സേവന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മുഹന്നദിയാണ് സംഘത്തെ നയിച്ചത്.
ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, പ്രവേശനാനുമതി–താമസ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഖലഫ് അഹ്മദ് അൽ ഗൈത്ത് എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
യുഎഇയും ഖത്തറും തമ്മിലുള്ള സാഹോദര്യബന്ധം സർക്കാർ സേവനരംഗത്തെ സഹകരണം ശക്തിപ്പെടുത്താനും അനുഭവങ്ങൾ പങ്കുവെക്കാനും ഉറച്ച അടിത്തറയാണെന്ന് ലഫ്: ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. നടപടികൾ ലളിതമാക്കിയും സേവനങ്ങൾ ഏകോപിപ്പിച്ചും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ജനങ്ങളുടെ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയുള്ള സേവനങ്ങളാണ് ദുബായ് ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
'സാങ്കേതികവിദ്യകൊണ്ടുമാത്രം സേവനമികവ് കൈവരിക്കാനാവില്ല. മികച്ച ഭരണനിർവഹണം, ജീവനക്കാരുടെ കഴിവുകൾ, നവീകരണം, തുടർച്ചയായ മെച്ചപ്പെടുത്തൽ എന്നിവ ഒരുമിച്ച് കൊണ്ടുവരണം.”- അൽ മർറി പറഞ്ഞു. ഇന്നൊവേഷൻ ആൻഡ് ഫ്യൂച്ചർ സെന്റർ സന്ദർശിച്ച സംഘം അവിടത്തെ നൂതന പദ്ധതികളും കസ്റ്റമർ എക്‌സ്പീരിയൻസ് ലാബ്, ഇന്നൊവേഷൻ ആക്‌സിലറേറ്റേഴ്‌സ് ലാബ് എന്നിവയുടെ പ്രവർത്തനങ്ങളും അടുത്തറിഞ്ഞു. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് സേവനങ്ങൾ വികസിപ്പിക്കുന്ന സംരംഭങ്ങളാണ് ഇവിടെ പരിചയപ്പെടുത്തിയത്.