യുഎഇയിലെ പുതിയ ഹൈവേ; കൺസൾട്ടൻസി സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു

 
Pravasi

യുഎഇയിലെ പുതിയ ഹൈവേ; കൺസൾട്ടൻസി സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു

68 കിലോമീറ്റർ ദൈർഘ്യമുള്ള 'നാലാം ഫെഡറൽ ഹൈവേ കോറിഡോർ (ഇ-911)' പദ്ധതിയുടെ സാങ്കേതിക പഠനത്തിനും രൂപകൽപനയ്ക്കുമാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്

MV Desk

ദുബായ്: ദുബായ്-ഷാർജ അതിർത്തിയിൽ നിന്ന് റാസൽഖൈമയിലേക്ക് പുതിയ ഹൈവേ നിർമിക്കുന്നതിന്‍റെ ഭാഗമായി കൺസൾട്ടൻസി സ്ഥാപനങ്ങളിൽ നിന്ന് ഊർജ അടിസ്ഥാനസൗകര്യ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. 68 കിലോമീറ്റർ ദൈർഘ്യമുള്ള 'നാലാം ഫെഡറൽ ഹൈവേ കോറിഡോർ (ഇ-911)' പദ്ധതിയുടെ സാങ്കേതിക പഠനത്തിനും രൂപകൽപനയ്ക്കുമാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

എൻജിനീയറിങ് പഠനങ്ങൾ, രൂപകൽപന, തുടർ മേൽനോട്ടം എന്നിവ ഉൾപ്പെടുന്ന കരാറിനായി 'കാറ്റഗറി എ' വിഭാഗത്തിൽപ്പെട്ട എൻജിനീയറിങ് കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ടെൻഡർ നമ്പർ 2026-022 കഴിഞ്ഞ മാസം 15-നാണ് പുറപ്പെടുവിച്ചത്.

പുതിയ ഹൈവേ ദുബായ്-ഷാർജ അതിർത്തിയിൽ നിന്ന് ആരംഭിച്ച് റാസൽഖൈമയിലെ അൽ ശുഹദ റോഡിലാണ് അവസാനിക്കുന്നത്. ഉമ്മുഖുവൈനിലെ എമിറേറ്റ്സ് റോഡുമായി (ഇ-611) പുതിയ പാതയെ ബന്ധിപ്പിക്കുന്ന 8 കിലോമീറ്റർ ദൈർഘ്യമുള്ള ലിങ്ക് റോഡും ഈ പദ്ധതിയുടെ ഭാഗമാണ്. പാതയിലുടനീളം വ്യത്യസ്ത ഭാഗങ്ങളിലായി ഇരുവശങ്ങളിലേക്കുമായി ആകെ 12 മുതൽ 16 ലെയ്നുകൾ വരെ ഈ ഹൈവേയിലുണ്ടാകും.