സ്പോൺസർ വേണ്ട; തൊഴിലന്വേഷകർക്ക് വിസയുമായി ദുബായ് ഇമിഗ്രേഷൻ
ദുബായ്: പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്‍റെയോ സഹായമില്ലാതെ യുഎഇയിലെത്തി ജോലി അന്വേഷിക്കാൻ വിദേശികൾക്ക് അവസരം.വിസിറ്റ് വിസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ് എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് തങ്ങളുടെ സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി പങ്കുവെച്ചു.
ജോലി അന്വേഷിക്കുന്നവരുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയിലുള്ള വിസയ്ക്ക് അപേക്ഷിക്കാം. എന്നാൽ നിർദിഷ്ട യോഗ്യതകൾ പാലിക്കുന്നവർക്ക് മാത്രമാണ് വിസ ലഭിക്കുക. അപേക്ഷകന് ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം.
കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ടിന്‍റെ പകർപ്പ്, വെള്ള പശ്ചാത്തലത്തിലുള്ള പുതിയ കളർ ഫോട്ടോ, അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമുള്ള പ്രധാന രേഖകൾ. വിസ നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം.
ജിഡിആർഎഫ്എ ദുബായിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ സ്മാർട്ട് ആപ്ലിക്കേഷനിലൂടെയോ അപേക്ഷിക്കാം. യുഎഇ പാസ് അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. തുടർന്ന് നിശ്ചിത ഫീസും സാമ്പത്തിക ഗ്യാരണ്ടിയും അടച്ച് അപേക്ഷ സമർപ്പിക്കാം.
അമർ സെന്‍ററുകൾ, ജിഡിആർഎഫ്എയുടെ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ എന്നിവ വഴിയും അപേക്ഷാ നടപടികൾ പൂർത്തിയാക്കാം. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജി ഡി ആർ എഫ് ഐയുടെ ഔദ്യോഗിക വെബ്സൈറ്റിലുടെ ലഭ്യമാകും.