മിനിമം സ്ഥലം ഉണ്ടെങ്കില്‍ വ്യവസായ പാർക്കുകളോ എസ്റ്റേറ്റുകളോ തുടങ്ങാം.
എന്റർപ്രൈസ് കോർണർ
ടി.എസ്. ചന്ദ്രൻ
പ്രവാസി മലയാളികള്‍ കേരളത്തിന് നല്കിയ സംഭാവനകളെ കണക്കിലെടുത്ത് അവര്‍ക്കു മാത്രമായി ഒരു പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രവാസി മലയാളികള്‍, കേരളത്തില്‍ നിക്ഷേപം നടത്തുന്നതിനും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഏറെ താത്പര്യം കാണിക്കുന്നു. അതിനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ ഗവണ്മെന്റ് ഉദ്ദേശിക്കുന്നു.
പ്രവാസി മലയാളികളുടെ സാങ്കേതികവിദ്യ, തൊഴില്‍ നൈപുണ്യം എന്നിവ ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട നിക്ഷേപ സമാഹരണവും സാമ്പത്തിക വികസനവും ഉണ്ടാക്കുക എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്.
എന്‍ആര്‍കെ വിഭാഗത്തിനും, വിദേശത്തുള്ളവര്‍ക്കും, തിരിച്ചെത്തിയ പ്രവാസികള്‍ക്കും അവരുടെ കുടുംബ അംഗങ്ങള്‍ക്കും (ഭാര്യ/ഭര്‍ത്താവ് മകന്/മകള്‍) ഈ പദ്ധതി പ്രകാരം അപേക്ഷിക്കുന്നതിന് അര്‍ഹതയുണ്ട്. ഇവര്‍ ചേര്‍ന്ന് രൂപം നല്കുന്ന കമ്പനികള്‍, സഹകരണ സംഘങ്ങള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍, നിയമപരമായി രജിസ്റ്റര്‍ ചെയ്ത പങ്കാളിത്ത സ്ഥാപനങ്ങള്‍, എംഎസ്എംഎ കണ്‍സോര്‍ഷ്യങ്ങള്‍, പ്രവാസി കുടുംബ അംഗങ്ങള്‍ എന്നിവരുടെ പേരില്‍ മിനിമം സ്ഥലം ഉണ്ടെങ്കില്‍ ഇപ്രകാരം എസ്റ്റേറ്റുകള്‍ ഉണ്ടാക്കാം.
ഒരു നോര്‍ക്ക സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് മിനിമം മൂന്ന് ഏക്കര്‍ സ്ഥലം മതിയാകും. ഇവിടെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്റ്ററി, അതായത് ബഹുനില വ്യവസായ സമുച്ചയങ്ങള്‍ ആണ് പരിഗണിക്കുക. മൂന്ന് മുതല്‍ ഏഴ് വരെ ഏക്കര്‍ സ്ഥലം ഉള്ളവര്‍ക്ക് ഇതിന് അര്‍ഹതയുണ്ട്. ഇതിന്റെ നിര്‍മാണത്തിനും ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 10,000 ചതുരശ്ര അടി കെട്ടിടം ഉണ്ടായിരിക്കണം. കുറഞ്ഞത് 5 കോംപാക്റ്റ് യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണം. ഓരോ യൂണിറ്റിനും ആയിരം ചതുരശ്ര അടിയില്‍ കുറയാത്ത വിസ്തീര്‍ണവും ഉണ്ടായിരിക്കണം. എന്നാല്‍, വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ച് ഇവയുടെ ഏരിയ ക്രമപ്പെടുത്താവുന്നതാണ്.
ഏഴ് ഏക്കര്‍ മുതല്‍ 15 ഏക്കര്‍ വരെ ഭൂമി ലഭ്യമാണെങ്കില്‍ നോര്‍ക്ക സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ തന്നെ ആരംഭിക്കാം.
വ്യവസായ ആവശ്യത്തിന് അനുയോജ്യമായിരിക്കണം
ഭൂപരിധി നിയന്ത്രണം ബാധകം ആയിരിക്കും.
പരിസ്ഥിതി ലോല പ്രദേശമാകരുത്.
തീരദേശ പരിപാലന നിയമം ബാധകമായ വസ്തു ആവരുത്.
വയലുകള്‍ ആവരുത്.
പ്ലാന്റേഷന് ഏരിയ ആയിരിക്കരുത്.
മറ്റ് നിയന്ത്രണങ്ങളും ഉണ്ടാകരുത്.
ഫോം നമ്പര്‍ ഒന്നില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. വ്യവസായ വാണിജ്യ ഡയറക്റ്റര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നോര്‍ക്ക ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റ് ആണ് വ്യവസായ വകുപ്പ് നല്‍കുന്നത്. ജില്ലാതലത്തില്‍ പരിശോധന ലഭിച്ചതിനുശേഷം സംസ്ഥാനതലത്തില്‍ ആണ് അനുമതി നല്‍കുന്നത്.
എട്ട് വകുപ്പുകളുടെ അംഗീകാരമാണ് പെര്‍മിറ്റ് നല്‍കുന്നതിന് ആവശ്യമായിട്ടുള്ളത്. വ്യവസായ വകുപ്പ് തന്നെ ഏകോപിപ്പിച്ച് നടപടികള്‍ സ്വീകരിക്കും. വ്യവസായ വാണിജ്യ വകുപ്പ്, ഫിനാന്‍സ് വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വാട്ടര്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ്, പവര്‍ ഡിപ്പാര്‍ട്ട്മെന്റ്, പരിസ്ഥിതി ഡിപ്പാര്‍ട്ട്മെന്റ്, നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് എന്നിവയാണ് ഈ വകുപ്പുകള്‍. ഡെവലപ്പര്‍ പെര്‍മിറ്റ് ലഭിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഭൂമി വ്യവസായ ആവശ്യത്തിന് ഉപയോഗപ്പെടുത്തേണ്ടതാണ്. നിലവിലുള്ള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് നിയമം നിയമമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ തന്നെ ഇവിടെ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് സാധിക്കും.
നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വികസിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. റോഡ്, വൈദ്യുതി, ജലവിതരണം, മാലിന്യ സംസ്കരണം, കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍, സോളാര്‍ അടക്കമുള്ള പാരമ്പര്യേതര ഊര്‍ജ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവയ്ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കുക. ഒരു എസ്റ്റേറ്റിന് പരമാവധി മൂന്ന് കോടി രൂപ വരെ തിരിച്ചു നല്കുന്ന വ്യവസ്ഥയില്‍ ധനസഹായം കിട്ടും.
3 -7 ഏക്കര്‍ ഭൂമിയില്‍ സമുച്ചയങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പ്രത്യേക ധനസഹായവും ലഭിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് പുറമേ കെട്ടിട നിര്‍മാണത്തിന് ആവശ്യമായി വരുന്ന തുകയും ഗ്രാന്റിന് പരിഗണിക്കും. പരമാവധി മൂന്ന് കോടി രൂപ തന്നെ ഇതിനും ലഭിക്കും.
1-2 മീറ്റര്‍ വീതിയിലുള്ള ബഫര്‍ സോണ്‍ നിശ്ചയിച്ച് അതില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നതിനും വ്യവസ്ഥയുണ്ട്.ഭൂമിയുടെ 30% സേവന അധിഷ്ഠിത പരിപാടികള്‍ക്ക് വിനിയോഗിക്കാം. ലോജിസ്റ്റിക്സ്, വെയര്‍ ഹൗസ്, വണ്ടികളുടെ സര്‍വീസിങ്, വണ്ടികളുടെ റിപ്പയറിങ് തുടങ്ങിയ കേന്ദ്രങ്ങള്‍ തുടങ്ങാം. എന്നാല്‍ വാഹനങ്ങളുടെ ഷോറൂം, ഷോപ്പിംഗ് കോംപ്ലക്സ്, മാളുകള്‍, റീട്ടയില്‍ ഔട്ട്ലെറ്റുകള്, എന്നിവ അനുവദിക്കില്ല.
ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് 2026 സെപ്റ്റംബര്‍ എട്ടിന് പുറത്തിറങ്ങി.
പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ ലാഭകരമായ ഒരു നിക്ഷേപ പദ്ധതിയാണ്. അതുകൂടാതെ അവിടെ വ്യവസായം തുടങ്ങുകയും എളുപ്പമാണ്.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകന്‍).
chandranteeyes@gmail.com