ചെലവ് 285 കോടി ദിർഹം; അബുദാബിയിലെ ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതി, ആദ്യ ഘട്ടം അടുത്ത വർഷം പൂർത്തിയാകും
അബുദാബി: അബുദാബിയിലെ വിവിധ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 285 കോടി ദിർഹം (2.85 ബില്യൺ ദിർഹം) ചെലവഴിച്ചു നിർമിക്കുന്ന മിഡ്-ഐലൻഡ് പാർക്ക്‌വേ വൻകിട അടിസ്ഥാന സൗകര്യ പദ്ധതിയുടെ ഒന്നാം ഘട്ടം 2027-ഓടെ പൂർത്തിയാകുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് അറിയിച്ചു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ സാദിയാത്ത് ദ്വീപിൽ നിന്ന് റീം ദ്വീപിലേക്കും അബുദാബി ദ്വീപിലേക്കുമുള്ള യാത്രാസമയം 25 മിനിറ്റിൽ നിന്ന് ഏകദേശം 10 മിനിറ്റായി കുറയും. ഇ 12 ഹൈവേയിലെ സാദിയാത്തിന്റെ വടക്കൻ ഇന്റർചേഞ്ചിനെയും ദ്വീപിന്റെ തെക്കേ അറ്റത്തെയും ഉമ്മുൽ യെഫീന ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന എട്ടുവരിപ്പാതയാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കുന്നത്.
കടലിൽ നിന്ന് വീണ്ടെടുത്ത രണ്ട് കിലോമീറ്റർ ഭൂമിയും ഖോർ ലഫാന് അടിയിലൂടെ 11 മീറ്റർ ആഴത്തിൽ നിർമിക്കുന്ന 600 മീറ്റർ നീളമുള്ള അടിപ്പാതയും ഉൾപ്പെടുന്ന 1.5 കിലോമീറ്റർ ഭൂഗർഭ പാതയും ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. കണ്ടൽ കാടുകൾക്കും തീരദേശ പരിസ്ഥിതിക്കും യാതൊരു ആഘാതവും ഉണ്ടാക്കാത്ത വിധത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാല് കിലോമീറ്റർ നീളമുള്ള നടപ്പാതകളും സൈക്കിൾ ട്രാക്കുകളും ഇതിന്റെ ഭാഗമായി നിർമിക്കും.
രണ്ടാം ഘട്ടത്തിൽ പദ്ധതി 14.5 കിലോമീറ്റർ കൂടി ദീർഘിപ്പിച്ച് ബിൽറിമൈദ്, സമാലിയ ദ്വീപുകൾ വഴി സാസ് അൽ നഖൽ, അൽ റാഹ ബീച്ച്, ഖലീഫ സിറ്റി എന്നിവയുമായി ബന്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.