ഇതാണോ നിങ്ങളുടെ സംസ്കാരം? ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരേ വിദ്വേഷ പ്രചാരണം
സിഡ്നി: ഓസ്ട്രേലിയയിൽ ഇന്ത്യക്കാരെ ലക്ഷ്യം വച്ച് വംശീയ വിദ്വേഷം പരത്തുന്ന സ്റ്റിക്കറുകൾ വ്യാപകമാവുന്നു. ഓസ്ട്രേലിയൻ സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങളുടെ പാക്കറ്റിലാണ് സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ യുവാവ് തെരുവിൽ തുറസായ സ്ഥലത്തിരുന്ന് വിസർജനം നടത്തുന്ന ചിത്രമാണ് സ്റ്റിക്കറിലുള്ളത്. "ഇതാണോ നിങ്ങളുടെ സംസ്കാരം, ഞങ്ങൾക്കത് ഇഷ്ടമല്ല" എന്നും സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ 32 ശതമാനം പേരും വിദേശികളാണ്. ഇതിലധികവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരെയെല്ലാം തിരിച്ചയക്കണമെന്നും പോസ്റ്ററിൽ പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലും ഇന്ത്യക്കാർക്കെതിരേ വ്യാപക വിദ്വേഷ പ്രചരണങ്ങളാണ് നടക്കുന്നത്. സംഭവത്തെ ഫെഡറൽ എംപി ഡേവിഡ് റെപച്ചോളി അപലപിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്ന ഇത്തരം ശ്രമങ്ങൾ ഉണ്ടാവരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.