ഷാർജ സിഎസ്ഐ ഇടവകയുടെ 2026-ലെ കൊയ്ത്തുത്സവം ആഘോഷിച്ചു.
ഷാർജ: ഷാർജ സിഎസ്ഐ ഇടവകയുടെ 2026-ലെ കൊയ്ത്തുത്സവം ആഘോഷിച്ചു. ഇടവക വികാരി റവ. ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു. വിവിധ സഭകളിൽ നിന്നുമെത്തിയ മതമേലധ്യക്ഷന്മാർ ചടങ്ങിൽ ആശംസകൾ നേർന്നു.
കേരളത്തിന്റെ തനതായ സംസ്കാരവും ഗൃഹാതുരത്വവും വിളിച്ചോതുന്ന രീതിയിലാണ് ഇത്തവണത്തെ സ്റ്റോളുകൾ ഒരുക്കിയിരുന്നത്. നാട്ടിലെ ബസ് സ്റ്റാൻഡുകൾ, കെഎസ്ആർടിസി ബസുകളുടെ മാതൃകകൾ എന്നിവ പുനഃസൃഷ്ടിച്ചുകൊണ്ട് ഒരുക്കിയ പ്രമേയങ്ങൾ ശ്രദ്ധേയമായി.
ആഘോഷങ്ങളുടെ ഭാഗമായി ചാക്യാർകൂത്ത്, ബാൻഡ് മേളം, ഗാനമേള, ഗെയിമുകൾ എന്നിവ അരങ്ങേറി. ഇടവകാംഗങ്ങൾക്ക് പുറമേ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം ഇതര മതവിശ്വാസികളും മറ്റ് സഭാവിശ്വാസികളും ആഘോഷങ്ങളിൽ പങ്കെടുത്തു. ജനറൽ കൺവീനർമാരായ ബിജോ മാത്യു അലക്സാണ്ടർ, സൈജു മാത്യു, കോ-കൺവീനർ വർഗീസ് പി. സാം എന്നിവർ നേതൃത്വം നൽകി.