ദുബായ് നിരത്തുകളിലെ കടുത്ത ഗതാഗത കുരുക്ക്; സ്കൂൾ സമയത്തിൽ മാറ്റം വരുത്താൻ കെഎച്ച്ഡിഎയുടെ അനുമതി
ദുബായ്: ദുബായ് നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വിദ്യാർഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി സ്വകാര്യ സ്‌കൂളുകൾക്ക് പ്രവർത്തന സമയത്തിൽ മാറ്റം വരുത്താൻ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി അനുമതി നൽകി. സ്‌കൂളുകളുടെ തുടക്ക, അവസാന സമയങ്ങളിൽ മാറ്റം വരുത്താനാണ് വിദ്യാഭ്യാസ അതോറിറ്റി ഇളവുകൾ അനുവദിച്ചത്.
വിവിധ സിലബസുകൾ പിന്തുടരുന്ന സ്‌കൂളുകൾക്ക് അവരുടേതായ ആവശ്യങ്ങളുള്ളതിനാൽ എമിറേറ്റിലുടനീളം ഒരൊറ്റ സമയക്രമം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി ഡയറക്റ്റർ ജനറൽ ഐഷ മിറാൻ മാധ്യമ മജ്‌ലിസിൽ സംസാരിക്കവെ വ്യക്തമാക്കി.
സമയക്രമത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന സ്‌കൂളുകൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ ഏതൊരു മാറ്റത്തിനും മുൻകൂട്ടി കെഎച്ച്ഡിഎയുടെ അനുമതി നിർബന്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
സമയമാറ്റം വരുത്തുമ്പോൾ വിദ്യാർഥികളുടെ ശാരീരിക-മാനസിക ക്ഷേമവും രക്ഷിതാക്കളുടെ അഭിപ്രായങ്ങളും കൃത്യമായി പരിഗണിക്കണമെന്ന് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. നഗരത്തിൽ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 4,06,500 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.