ഷാർജ അൽ താവൂൻ ടണലിന്‍റെ ആദ്യ ഘട്ടം 2026 നവംബറിൽ: യാത്രാ സമയം 85 ശതമാനം വരെ കുറയും
representational image
ഷാർജ: ഷാർജയിലെ അൽ താവൂൻ ടണലിന്‍റെ ആദ്യ ഘട്ടം 2026 നവംബറിൽ പ്രവർത്തന സജ്ജമാവുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള റോഡിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരമാവധി കുറയ്ക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. ഇത് വഴി യാത്രാ സമയം 85 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അൽ താവൂൻ സ്ക്വയറിൽ നിർമ്മിക്കുന്ന ഈ ടണലിൽ ഇരുവശങ്ങളിലേക്കും മൂന്ന് ലെയ്നുകൾ വീതമുണ്ടാകും. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ ഏകദേശം 4,000 വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ സാധിക്കും. ഷാർജ എക്സ്‌പോ സെന്‍ററിന് സമീപമുള്ള പ്രദേശങ്ങളിലേക്കും ദുബായ് അതിർത്തിയിലേക്കുമുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഈ പുതിയ അടിപ്പാത സഹായിക്കും.