മയക്കുമരുന്ന് കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഷാർജ കോടതി
ഷാർജ: വിപണന ലക്ഷ്യത്തോടെ മയക്കുമരുന്ന് കൈവശം വെച്ച കേസിൽ ഒന്നാം പ്രതിക്ക് ഷാർജ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതേ കേസിൽ ലഹരിമരുന്ന് ഉപയോഗിച്ച കുറ്റത്തിന് രണ്ടാം പ്രതിക്ക് മൂന്ന് മാസം തടവുശിക്ഷയും വിധിച്ചു.
ഒന്നാം പ്രതിയുമായി താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വൻതോതിൽ ലഹരിവസ്തുക്കളും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയത്. ക്രിസ്റ്റൽ രൂപത്തിലുള്ള ലഹരിപദാർത്ഥങ്ങൾ, മൂന്ന് ഇലക്ട്രോണിക് ത്രാസുകൾ, കറുത്ത നിറത്തിലുള്ള വസ്തുവിന്റെ അവശിഷ്ടങ്ങൾ പുരണ്ട ഉപകരണങ്ങൾ എന്നിവ ഇവിടെ നിന്നും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ ഇവയിൽ കഞ്ചാവ് ഉൽപ്പന്നങ്ങളും മെത്താംഫെറ്റാമൈനും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
കേസിലെ ഒന്നാം പ്രതി പൊലീസ് കസ്റ്റഡിയിൽ കഴിയുന്നതിനിടെ ഒരു ഏഷ്യൻ രാജ്യത്തുനിന്ന് ഇയാളുടെ ഫോണിലേക്ക് വന്ന കോളാണ് രണ്ടാം പ്രതിയെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. അൽ നഹ്ദയിലെ ഒരു നിശ്ചിത സ്ഥലത്ത് മയക്കുമരുന്ന് എത്തിക്കണമെന്നും രാജ്യത്തിനകത്തുള്ള മറ്റൊരാൾ വന്ന് അത് കൈപ്പറ്റുമെന്നുമായിരുന്നു ഫോൺ വിളിച്ചയാൾ നൽകിയ നിർദ്ദേശം. ഇതനുസരിച്ച് പിടിച്ചെടുത്ത ഹാഷിഷിൽ നിന്ന് ഏകദേശം 560 ഗ്രാം അടങ്ങിയ ഒരു പാക്കറ്റ് ഉദ്യോഗസ്ഥർ നിർദ്ദിഷ്ട സ്ഥലത്ത് വെക്കുകയും പ്രദേശത്ത് രഹസ്യ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു.
പുലർച്ചെ വാഹനത്തിലെത്തിയ രണ്ടാം പ്രതി പുറത്തിറങ്ങി ഈ പാക്കറ്റ് കൈവശപ്പെടുത്തുന്നത് നിരീക്ഷണത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇയാളെ മയക്കുമരുന്ന് സഹിതം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് നടത്തിയ വൈദ്യപരിശോധനയിൽ രണ്ട് പ്രതികളും മെത്താംഫെറ്റാമൈൻ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു.
വിചാരണയ്ക്കൊടുവിൽ വിപണന ലക്ഷ്യത്തോടെ മയക്കുമരുന്ന് കൈവശം വെച്ച കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് ഒന്നാം പ്രതിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. മയക്കുമരുന്ന് കടത്ത് കുറ്റത്തിൽ നിന്ന് രണ്ടാം പ്രതിയെ വെറുതെ വിട്ട കോടതി ലഹരി ഉപയോഗിച്ചതിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയെ കടത്ത് കുറ്റത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവിനെതിരേ പ്രോസിക്യൂഷൻ അപ്പീൽ നൽകിയിട്ടുണ്ട്.