'ജോയ്ഫുൾ സിംഗേഴ്സ് യുഎഇ', 'വൈഎംസിഎ ക്വയർ ബഹ്റൈൻ' എന്നിവർ സംയുക്തമായി അവതരിപ്പിച്ച സംഗീത വിരുന്ന്.
ഷാർജ: ഗുരുതരമായ വൃക്കരോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന ആതുരർക്ക് പ്രത്യാശയേകുക എന്ന ലക്ഷ്യത്തോടെ, ഷാർജ സിഎസ്ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ 'കനിവ് 2026' എന്ന പേരിൽ കാരുണ്യസന്ധ്യ നടത്തി.
ദുബായ് ഹെൽത്തിലെ നെഫ്രോളജിസ്റ്റായ ഡോ. ധന്യ മോഹൻ ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. വൃക്കരോഗങ്ങളുടെ പ്രതിരോധം, ആധുനിക ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് ഡോ. ധന്യ മോഹൻ വിവരിച്ചു. എൻടിവി ചെയർമാൻ മാത്തുകുട്ടി കടോൺ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
യുഎഇയിലെ പ്രമുഖ ക്രിസ്തീയ ഗായകസംഘമായ 'ജോയ്ഫുൾ സിംഗേഴ്സ് യുഎഇ', 'വൈഎംസിഎ ക്വയർ ബഹ്റൈൻ' എന്നിവർ സംയുക്തമായി അവതരിപ്പിച്ച സംഗീത വിരുന്ന് 'കനിവ് 2026' വേദിയിലെ പ്രധാന ആകർഷണമായിരുന്നു. അഞ്ച് വ്യത്യസ്ത ഭാഷകളിലായി ഇരു സംഘങ്ങളിൽ നിന്നുമായി 250 ഓളം ഗായകർ ഒരേ വേദിയിൽ അണിനിരന്നത് സംഗീതാസ്വാദകർക്ക് വ്യത്യസ്ത അനുഭവമായി.
ഇടവക വികാരി റവ. ജേക്കബ് ജോർജ്, അൽമായ ഫെലോഷിപ്പ് വൈസ് പ്രസിഡന്‍റ് ബിജു തോമസ് ഓവനാലിൽ, സെക്രട്ടറി അജീഷ് പി. ചെറിയാൻ, ട്രഷറർ ലിജോ മാത്യു, കനിവ് 2026- ൻ്റെ കൺവീനർമാരായ എബി ജേക്കബ് താഴികയിൽ, ജോസഫ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിയാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്.