ഷാർജ രാജ്യാന്തര പുസ്തകോത്സവം; വൊളന്‍റിയർ രജിസ്ട്രേഷൻ തുടങ്ങി
ഷാർജ: നവംബറിൽ നടക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ സേവനമനുഷ്ഠിക്കാൻ താല്പര്യമുള്ള വൊളന്‍റിയർമാരുടെ രജിസ്ട്രേഷൻ തുടങ്ങി. ഷാർജ ബുക്ക് അതോറിറ്റി ഷാർജ വൊളന്റിയർ സെന്ററുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്.
18 വയസും അതിനുമുകളിൽ പ്രായവുമുള്ളവർക്ക് ഒക്ടോബർ 25 വരെ അപേക്ഷ നൽകാവുന്നതാണ്. എക്സ്പോ സെന്‍ററിൽ നടക്കുന്ന മേളയിൽ ഇവന്റ് ഓർഗനൈസേഷൻ, വിസിറ്റർ സർവീസസ് എന്നിവയിൽ നേരിട്ട് പരിചയം നേടാൻ ഈ അവസരം സഹായിക്കും.
വൊളന്റിയർമാർക്ക് രണ്ട് ഷിഫ്റ്റുകളിലായാണ് സേവന സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 3:00 വരെയുള്ള ആദ്യ ഷിഫ്റ്റിലോ, ഉച്ചയ്ക്ക് 3:00 മുതൽ രാത്രി 10:00 വരെയുള്ള രണ്ടാമത്തെ ഷിഫ്റ്റിലോ ജോലി ചെയ്യാവുന്നതാണ്. താല്പര്യമുള്ളവർക്ക് ഷാർജ വൊളന്റിയർ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.