വാർത്താസമ്മേളനത്തിൽ സംസാരിക്കുന്ന ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ, ഷാർജ അറ്റോർണി ജനറൽ അൻവർ അൽ ഹർമൂദി തുടങ്ങിയവർ
ദുബായ്: സൈബർ ആക്രമണം, ഡിജിറ്റൽ വാലറ്റ് മോഷണം, കള്ളപ്പണം വെളുപ്പിക്കൽ, ഭീഷണിപ്പെടുത്തലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന നാല് രാജ്യാന്തര ശൃംഖലകളെ ഷാർജ പൊലീസ് നിർവീര്യമാക്കി. 'ഓപറേഷൻ എൻഡ് ഓഫ് ദ് ബാറ്റിൽ' എന്ന് പേരിട്ട സങ്കീർണമായ ദൗത്യത്തിലൂടെ 12 രാജ്യങ്ങളിൽ നിന്നുള്ള 33 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലോകമെമ്പാടുമുള്ള മുപ്പതിലേറെ പ്രമുഖ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും 65 ബില്യൺ ദിർഹം മൂല്യമുള്ള ആസ്തികൾ സംരക്ഷിക്കാൻ ഈ വൻ റെയ്ഡിലൂടെ സാധിച്ചു. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന സംഘത്തലവന്മാരെപ്പോലും പിടികൂടി നാട്ടിലെത്തിച്ചാണ് നിയമത്തിന് മുന്നിൽ ഹാജരാക്കിയത്.
പ്രതികളിൽ നിന്ന് 200 ദശലക്ഷം ദിർഹത്തിലേറെ പണവും, ലക്ഷ്വറി വില്ലകളും, 17 അത്യാധുനിക ആഡംബര കാറുകളും, 29 വിലകൂടിയ വാച്ചുകളും സ്വർണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ വാലറ്റുകൾ, രാജ്യാന്തര പ്ലാറ്റ്ഫോമുകൾ, ഇടനില കമ്പനികൾ എന്നിവ വഴി നടന്ന 8.825 ബില്യൺ ദിർഹം കള്ളപ്പണ ഇടപാടുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുകയും ഡാർക്ക് വെബിൽ ചോർത്തിയ വിവരങ്ങൾ വിൽക്കുകയും വ്യാജ ഡിജിറ്റൽ ആസ്തികളിലൂടെ പണം വെളുപ്പിച്ച് ആഡംബര കാറുകളിലും വസ്തുവകകളിലും നിക്ഷേപിക്കുകയുമായിരുന്നു ഇവരുടെ രീതി.
ഷാർജ മീഡിയ സിറ്റിയിൽ (ഷംസ്) നടന്ന വാർത്താസമ്മേളനത്തിൽ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ, ഷാർജ അറ്റോർണി ജനറൽ അൻവർ അൽ ഹർമൂദി എന്നിവരാണ് ദൗത്യത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.