ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
ഷാർജ: ഷാർജ മാരിടൈം അക്കാദമിയിലെ ഖോർഫക്കാൻ ക്യാംപസിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കായി സൗജന്യ ഗതാഗത സൗകര്യം ഏർപ്പെടുത്താൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ 'ഡയറക്റ്റ് ലൈൻ' എന്ന റേഡിയോ പരിപാടിയിലേക്ക് എത്തിയ ഒരു പിതാവിന്‍റെ ഫോൺ കോളിലെ അഭ്യർഥന മാനിച്ചാണ് ഷാർജ ഭരണാധികാരി ഉടനടി നിർണായക തീരുമാനമെടുത്തത്.
തന്‍റെ മകൾ ഖോർഫക്കാനിലെ മാരിടൈം അക്കാദമിയിൽ മറൈൻ എഞ്ചിനീയറിങ് വിദ്യാർഥിനിയാണെന്നും ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന മകളെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനും തിരികെ കൊണ്ടുവിടുന്നതിനുമായി എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയും ഷാർജ നഗരത്തിൽ നിന്ന് ഖോർഫക്കാനിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നുണ്ടെന്നും പിതാവ് പരിപാടി അവതാരകനായ മുഹമ്മദ് അൽ റെയ്‌സിയോട് പറഞ്ഞു.
ഈ പ്രതിവാര യാത്രകൾ തന്‍റെ ജോലിക്രമത്തെയും കുടുംബത്തെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം റേഡിയോയിലൂടെ ചൂണ്ടിക്കാട്ടി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അക്കാദമി അധികൃതരുമായും അക്കാദമി ചാൻസലർ ഡോ. ഹാഷിം അബ്ദുള്ള ബിൻ സർഹാൻ അൽ സാബിയുമായും ഷെയ്ഖ് സുൽത്താൻ നേരിട്ട് ബന്ധപ്പെടുകയും വിദ്യാർഥിനികളുടെ സുഗമമായ യാത്രയ്ക്കായി സൗജന്യ ബസ് സർവീസ് ഏർപ്പെടുത്താൻ നിർദേശം നൽകുകയുമായിരുന്നു.