ഭിന്നശേഷിക്കാർക്ക് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ പ്രത്യേക പരിഗണന: യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ

 
Pravasi

ഭിന്നശേഷിക്കാർക്ക് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ പ്രത്യേക പരിഗണന: യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടത്തിയ പ്രത്യേക പരിപാടിയിൽ ഇന്ത്യൻ സമൂഹവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം

UAE Correspondent

ഷാർജ: ​പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാർക്ക് യുഎഇയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഇനി മുതൽ പ്രത്യേക പരിഗണന നൽകുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചു. അത്തരം വ്യക്തികൾക്ക് പാസ്‌പോർട്ട് സേവനങ്ങൾക്കായി സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്താമെന്നും, ഇനിമുതൽ മുൻകൂർ അപ്പോയിന്‍റ്മെന്‍റ് ഒഴിവാക്കുമെന്നും, അവർക്ക് ക്യൂ ഒഴിവാക്കി മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പൗരന്മാർക്കും കൗണ്ടറുകളിൽ മുൻഗണനാ സേവനം ലഭിക്കും.

​ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടത്തിയ പ്രത്യേക പരിപാടിയിൽ ഇന്ത്യൻ സമൂഹവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ കോൺസൽ ജോയ്ദീപ് മൊഹന്തോ ചടങ്ങിൽ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ചടങ്ങിന് സ്വാഗതവും സംസാരിച്ചു. ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.

വടക്കൻ എമിറേറ്റുകളിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ ഭാരവാഹികൾ, അജ്മാൻ, ഫുജൈറ, കോർഫക്കാൻ, കൽബ എന്നിവിടങ്ങളിലെ ഇന്ത്യൻ സോഷ്യൽ സെന്‍റർ ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ പ്രവാസി ഇന്ത്യൻ സമൂഹമായി യുഎഇയിലെ ഇന്ത്യൻ പ്രവാസ സമൂഹം മാറിയതായും അംബാസഡർ ചൂണ്ടിക്കാട്ടി. അബുദാബിയിലും ദുബായിയിലും രാജ്യത്തിന് പുറത്തെ ആദ്യത്തെ ഐഐടി, ഐഐഎം കാമ്പസുകൾ സ്ഥാപിച്ചത് ഈ വളർച്ചയുടെ പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

​കുടുംബ വർഷം എന്ന ആശയത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, എമിറാത്തി കുടുംബങ്ങളുമായി സൗഹൃദം സ്ഥാപിക്കണം. ഇന്തോ-അറബ് ബന്ധം കൂടുതൽ ദൃഢമാക്കാൻ, എമിറാത്തി - ഇന്ത്യൻ യുവജനങ്ങൾക്കിടയിൽ നല്ല സൗഹൃദ കൂട്ടായ്മകൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡോ. പുത്തൂർ റഹ്മാൻ , രാജീവ് പിള്ള, മാത്തുക്കുട്ടി , അഡ്വ വൈ എ റഹീം, വാഹിദ് നാട്ടിക, അജയ്, ഫർസാന, വിനോദ് മുള്ളേരി, അഡ്വ അജി കുര്യാക്കോസ്, തുടങ്ങിയ പ്രമുഖർ അംബാസഡറുമായി നേരിട്ട് സംവദിക്കുകയും തങ്ങളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെക്കുകയും ചെയ്തു.

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രവർത്തനം ആരംഭിച്ച, അൽ ഹിന്ദ് പാസ്പോർട്ട്, കോൺസുലാർ സർവീസ് സേവന കേന്ദ്രം അദ്ദേഹം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

നിതിൻ രാജിന്‍റെ മരണം: ഡോ. എം.കെ. റാം അറസ്റ്റില്‍

ശ്രീനിവാസൻ വധക്കേസ്; പ്രതി മുഹമ്മദ് അലി അറസ്റ്റിൽ

ചോദ്യപേപ്പർ മാറിപ്പോയ സംഭവം; മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22 ന്

പിഎസ്‌സി പരീക്ഷ ക്രമക്കേട്; എസ്ഐടി വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും

നടിയെ ആക്രമിച്ച കേസ്; ശിക്ഷാ വിധി മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ടുള്ള രണ്ട് പ്രതികളുടെ കൂടി ഹർജി തള്ളി കോടതി