മെലീഹ നാഷണൽ പാർക്കിന് 'സസ്റ്റെയ്ൻ ഷാർജ' പുരസ്കാരം

 
Pravasi

മെലീഹ നാഷണൽ പാർക്കിന് 'സസ്റ്റെയ്ൻ ഷാർജ' പുരസ്കാരം

പാർക്കിന്‍റെ ഗ്ലാമ്പിങ് സൗകര്യങ്ങൾ, ഓഫീസുകൾ, ലൈറ്റിങ്, ജലവിതരണ പമ്പുകൾ എന്നിവ പൂർണ്ണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്

UAE Correspondent

ഷാർജ: സുസ്ഥിര വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അംഗീകാരമായി മെലീഹ നാഷണൽ പാർക്കിന് 'സസ്റ്റെയ്ൻ ഷാർജ' പുരസ്കാരം ലഭിച്ചു. ഷാർജ ഇന്‍റർനാഷണൽ ട്രാവൽ ആൻഡ് ടൂറിസം ഫോറത്തിൽ വച്ചാണ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിഭാഗത്തിൽ മെലീഹ ഈ നേട്ടം സ്വന്തമാക്കിയത്.

പാർക്കിന്‍റെ മരുഭൂമി ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ മാതൃകാപരമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സുസ്ഥിര ടൂറിസം രീതികളുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. നൂറുശതമാനം സൗരോർജ ഉപയോഗം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കർശനമായ നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവ പാർക്കിൽ വിജയകരമായി നടപ്പിലാക്കുന്നുണ്ട്.

പാർക്കിന്‍റെ ഗ്ലാമ്പിങ് സൗകര്യങ്ങൾ, ഓഫീസുകൾ, ലൈറ്റിങ്, ജലവിതരണ പമ്പുകൾ എന്നിവ പൂർണ്ണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. സുരക്ഷാ നിരീക്ഷണ ക്യാമറകളും സൗരോർജത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾക്കും കട്ട്ലറികൾക്കും പകരമായി വാട്ടർ റീഫിൽ സ്റ്റേഷനുകളും പുനരുപയോഗിക്കാവുന്ന കുപ്പികളും സജ്ജീകരിച്ചിട്ടുണ്ട്.