ഗതാഗത നിയമലംഘനം: അബുദാബിയിൽ രണ്ട് പേർ അറസ്റ്റിൽ
അബുദാബി: അബുദാബിയിൽ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനമോടിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും, ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അബുദാബി പൊലീസിന്‍റെ നടപടി.
മറ്റ് വാഹനയാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ ഇരുവരുടെയും വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും റോഡിലെ സുരക്ഷയ്ക്ക് ഭംഗം വരുത്തുന്നവർക്കുമെതിരേ കർശന നടപടി തുടരുമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ ഉടൻ അധികാരികളെ അറിയിക്കണമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി.