വാഹന നിയമലംഘനം; 7,735 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി ദുബായ് പൊലീസ്

 
Pravasi

വാഹന നിയമലംഘനം; 7,735 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി ദുബായ് പൊലീസ്

രാത്രികാലങ്ങളിൽ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിക്കുന്നത് തടയാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് പരിശോധന ശക്തമാക്കിയത്

MV Desk

ദുബായ്: താമസ മേഖലകളിൽ അനാവശ്യമായി അമിത ശബ്ദമുണ്ടാക്കുകയും അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തുകയും ചെയ്ത വാഹനങ്ങൾക്കെതിരേ നടപടി ശക്തമാക്കി ദുബായ് പൊലീസ്. ഈ വർഷം ആദ്യ ഒൻപത് മാസത്തിനിടെ 7,735 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായും 1,630 വാഹനങ്ങൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.

അമിത ശബ്ദമുണ്ടാക്കിയതിന് 2,045 നിയമലംഘനങ്ങൾ കണ്ടെത്തുകയും 333 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. എഞ്ചിനിലോ ബോഡിയിലോ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തിയതിന് 5,690 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും 1,297 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.

രാത്രികാലങ്ങളിൽ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിക്കുന്നത് തടയാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് പരിശോധന ശക്തമാക്കിയത്. യുഎഇ ട്രാഫിക് നിയമപ്രകാരം ഇത്തരം നിയമലംഘകർക്ക് വൻ പിഴയും 12 ബ്ലാക്ക് പോയിന്‍റും ഉൾപ്പെടെയുള്ള കർശന ശിക്ഷകളാണ് ലഭിക്കുന്നത്. അമിത ശബ്ദമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചാൽ 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റും ലഭിക്കും. എഞ്ചിനിലും ബോഡിയിലും അനധികൃതമായി മാറ്റം വരുത്തിയാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ചുമത്തുന്നതിനൊപ്പം 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

പൊതുജനങ്ങൾക്ക് 'യൂ നൊട്ടീസ് ഇറ്റ്, വീ റിപ്പോർട്ട് സേവനം വഴിയോ ദുബായ് പൊലീസിന്‍റെ സ്മാർട്ട് ആപ്പ് വഴിയോ അത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.