ദുബായിലെ ബ്ലൂവാട്ടേഴ്‌സിൽ സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് തുടക്കം
ദുബായ്: ദുബായിലെ ബ്ലൂവാട്ടേഴ്‌സിൽ ആർടിഎയുടെ ദുബായ് ഗ്ലൈഡ്‌വേസ് ഓട്ടോമേറ്റഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്‍റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. സുസ്ഥിരമായ സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ആർടിഎ ഈ പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ പിന്തുണയോടെയുള്ള സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനങ്ങളാണ് പ്രത്യേക പാതകളിൽ സർവീസ് നടത്തുന്നത്.
ഈ പദ്ധതിയുടെ അവതരണ ചടങ്ങിലും പരീക്ഷണ യാത്രയിലും ആർടിഎ ഡയറക്റ്റർ ജനറലും എക്സിക്യൂട്ടീവ് ഡയറക്റ്റർ ബോർഡ് ചെയർമാനുമായ മതർ അൽ തായർ, ഗ്ലൈഡ്‌വേസ് സ്ഥാപകനും കോ-സിഇഒ-യുമായ മാർക്ക് സീഗർ, കമ്പനിയുടെ കോ-സിഇഒ-യും ചീഫ് ടെക്നോളജി ഓഫീസറുമായ ബ്ലെയ്ക്ക് ബാർബർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും നിയന്ത്രണ സംവിധാനങ്ങളും സാങ്കേതികവിദ്യകളും വിലയിരുത്തുകയും ചെയ്തു.
ബ്ലൂവാട്ടേഴ്സിലെ നിശ്ചിത റൂട്ടിൽ മതർ അൽ തായർ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷണ യാത്ര നടത്തുകയും ചെയ്തു. ദുബായ് ഹോൾഡിംഗിന് കീഴിലുള്ള ദുബായ് റീട്ടെയിൽ ഡെസ്റ്റിനേഷനായ ബ്ലൂവാട്ടേഴ്സിൽ നാല് ആഴ്ച നീണ്ടുനിൽക്കുന്ന പരീക്ഷണ ഓട്ടമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ആർടിഎയും ഗ്ലൈഡ്‌വേസും തമ്മിലുള്ള സഹകരണ കരാറിന്‍റെയും, ദുബായ് ഹോൾഡിംഗുമായി ഉണ്ടാക്കിയ പങ്കാളിത്ത കരാറിന്‍റെയും അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാല് മുതൽ ആറ് വരെ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഈ വാഹനങ്ങൾക്ക് ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്.
ലിഡാർ സെൻസറുകളും റഡാറുകളും ഹൈ-ഡെഫനിഷൻ ക്യാമറകളും ഘടിപ്പിച്ചിരിക്കുന്ന ഈ വാഹനങ്ങൾ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഇരുവശങ്ങളിലേക്കുമായി ഒരു മണിക്കൂറിൽ 20,000ത്തിലധികം യാത്രക്കാരെ കൊണ്ടുപോകാൻ ഈ സിസ്റ്റത്തിന് സാധിക്കും.