യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ട് ദിവസത്തെ അവധി
ദുബായ്: യുഎഇയുടെ 55-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളത്തോട് കൂടിയ പൊതുഅവധി പ്രഖ്യാപിച്ചു. യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഔദ്യോഗികമായി ഈദ് അൽ ഇത്തിഹാദ് എന്നറിയപ്പെടുന്ന ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 2, ഡിസംബർ 3 എന്നീ ദിവസങ്ങളിലാണ് സ്വകാര്യ മേഖലയ്ക്ക് അവധി ലഭിക്കുക. പൊതുമേഖലാ ജീവനക്കാർക്ക് ഡിസംബർ 2 മുതൽ ഡിസംബർ 4 വരെ മൂന്ന് ദിവസത്തെ അവധിയാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ഉൾപ്പെടുന്നതോടെ പൊതുമേഖലാ ജീവനക്കാർക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും.
1971 ഡിസംബർ 2ന് ആറ് എമിറേറ്റുകൾ ഒത്തുചേർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകരിച്ചതിന്റെയും 1972 ഫെബ്രുവരിയിൽ റാസൽഖൈമ കൂടി ചേർന്നതോടെ ഏഴ് എമിറേറ്റുകളുടെ ഐക്യമായതിന്റെയും സ്മരണയ്ക്കായാണ് ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്നത്.