യുഎഇയിൽ ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ

 
Pravasi

യുഎഇയിൽ ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ

ഉച്ചവിശ്രമ വേളയിൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായി തണലുള്ള പ്രത്യേക കേന്ദ്രങ്ങൾ കമ്പനികൾ ഒരുക്കണം

UAE Correspondent

ദുബായ്: യുഎഇയിൽ തൊഴിലാളികൾക്കുള്ള ഉച്ച വിശ്രമ നിയമം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും നേരിട്ട് വെയിൽ ഏൽക്കുന്ന ഇടങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഉത്തരവിറക്കി. സെപ്റ്റംബർ 15 വരെയാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഈ നിയന്ത്രണം. തുടർച്ചയായ 22-ാം വർഷമാണ് യുഎഇയിൽ ഈ സുരക്ഷാ നിയമം നടപ്പിലാക്കുന്നത്.

ഉച്ചവിശ്രമ വേളയിൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായി തണലുള്ള പ്രത്യേക കേന്ദ്രങ്ങൾ കമ്പനികൾ ഒരുക്കണം. ഫാനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, ആവശ്യത്തിന് കുടിവെള്ളം, മറ്റ് നിർജ്ജലീകരണ പ്രതിരോധ സാമഗ്രികൾ എന്നിവയും തൊഴിലുടമകൾ ലഭ്യമാക്കേണ്ടതുണ്ട്.

സാങ്കേതിക കാരണങ്ങളാൽ നിർത്തിവയ്ക്കാൻ സാധിക്കാത്ത ചില അടിയന്തര ജോലികളെ ഈ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. റോഡ് ടാറിങ്, കോൺക്രീറ്റ് മിക്സിങ് തുടങ്ങിയ മാറ്റിവെക്കാൻ കഴിയാത്ത നിർമാണ പ്രവർത്തനങ്ങൾ, ജലം, വൈദ്യുതി തടസം നീക്കൽ, ഗതാഗത പുനഃസ്ഥാപനം തുടങ്ങിയ അടിയന്തര സേവനങ്ങൾ എന്നിവയ്ക്കാണ് ഇളവുള്ളത്.

ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകും. നിയമം ലംഘിച്ച് ജോലി ചെയ്യിക്കുന്ന ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതമാണ് പിഴ ചുമത്തുക. ഒന്നിലേറെ തൊഴിലാളികളെ ഒരേസമയം നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിച്ചാൽ പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കും.

"അവർ ഭീരുക്കളാണ്, ഞങ്ങൾക്കവരെ ഭയമില്ല"; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

"വിഎസിന് പകരം വിഎസ് മാത്രം"; അനുസ്മരിച്ച് പിണറായി വിജയൻ

ആലപ്പുഴ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി

വയറ്റിൽ നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ പെൺ കടുവ ബബിതയ്ക്ക് ക്യാൻസർ, കീമോ ആരംഭിച്ചു

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ