പദ്ധതിയിട്ടത് ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് ഇടിച്ചു കയറ്റാൻ, ഫ്ലൈ ദുബായ് സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്

 
Pravasi

പദ്ധതിയിട്ടത് ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് ഇടിച്ചു കയറ്റാൻ, ഫ്ലൈ ദുബായ് സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്

ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലേക്ക് ഇടിച്ചുകയറ്റി വൻ ആക്രമണം നടത്താനായിരുന്നു സഹപൈലറ്റിന്റെ പദ്ധതി

UAE Correspondent

ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം ( FZ1073) തട്ടിയെടുത്ത് ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലേക്ക് ഇടിച്ചുകയറ്റി വൻ ആക്രമണം നടത്താനായിരുന്നു സഹപൈലറ്റിന്റെ പദ്ധതി എന്ന് യുഎഇ പ്രോസിക്യൂഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സെപ്റ്റംബർ 30-ന് നടന്ന സംഭവത്തിൽ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ശംസിയാണ് അന്വേഷണ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

ഒമാൻ പൗരനും 29 വയസുകാരനുമായ ഹമാം അൽ ഹമ്മാമി എന്ന സഹപൈലറ്റാണ് വിമാനത്തിൽ വെച്ച് അക്രമം അഴിച്ചുവിട്ടത്. വിമാനത്തിന്‍റെ പ്രധാന പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കോക്പിറ്റിലുണ്ടായിരുന്ന അടിയന്തര ആവശ്യങ്ങൾക്കുള്ള ആയുധം ഉപയോഗിച്ച് കുത്തിയും വെട്ടിയും ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഹമാം വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഓട്ടോ പൈലറ്റ് സംവിധാനം വിച്ഛേദിച്ച ഇയാൾ വിമാനം അതിവേഗം താഴേക്ക് പതിപ്പിച്ചു.

വിമാനത്തിലെ പൈലറ്റും യാത്രക്കാരും കാണിച്ച മനസാന്നിധ്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്. കോക്പിറ്റ് വാതിൽ അസ്വാഭാവികമായി തുറന്നടയുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന പൈലറ്റും ക്രു അംഗങ്ങളും അസാഫ് രാജ്വാൻ, യാനിവ് ഹയുൻ, ഷോട്ട മുസായേവ്, ദ്വിക മാനെസ് തുടങ്ങിയ യാത്രക്കാരും ചേർന്ന് കോക്പിറ്റിൽ കടന്നുകയറുകയും പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയുമായിരുന്നു. തുടർന്ന് നിമിഷങ്ങൾക്കകം വിമാനം സാധാരണ നിലയിലാക്കുകയും സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു.

പ്രതി കുറ്റം സമ്മതിക്കുകയും തനിച്ചാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടതെന്ന് അവകാശപ്പെടുകയും ചെയ്‌തെങ്കിലും സംഭവത്തിന് പിന്നിൽ മറ്റ് കൂട്ടാളികളോ സംഘടനകളോ ഉണ്ടോ എന്ന കാര്യത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം നടന്നുവരികയാണെന്ന് അറ്റോർണി ജനറൽ അറിയിച്ചു.