അയ്യപ്പഭക്തർക്ക് 24 മണിക്കൂർ പൊലീസ് ഹെൽപ്പ് ലൈൻ
file image
തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടന കാലത്ത് അയ്യപ്പഭക്തർക്ക് സഹായങ്ങളും അവശ്യ സേവനങ്ങളും ലഭ്യമാക്കാൻ കേരള പൊലീസ് പ്രത്യേക ഹെൽപ്പ് ലൈൻ ആരംഭിച്ചു. വിവിധ അടിയന്തര സാഹചര്യങ്ങളിൽ പിന്തുണ നൽകി ഈ ഹെൽപ്പ് ലൈൻ 24 മണിക്കൂറും പ്രവർത്തിക്കും.
കേരളത്തിനകത്തുള്ള തീർഥാടകർ 14432 എന്ന നമ്പരിലും, കേരളത്തിന് പുറത്തുനിന്ന് എസ്ടിഡി കോഡ് ഉൾപ്പെടെ 04735- 14432 എന്ന നമ്പരിലും വിളിക്കണം. കാണാതാകുന്നവരെ കണ്ടെത്താനും, റോഡപകടങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാനും, വാഹനങ്ങൾ തകരാറിലാകുമ്പോൾ സഹായം എത്തിക്കാനും, തകരാറിലായ വാഹനങ്ങൾ നിലയ്ക്കലിലേക്ക് മാറ്റാൻ റിക്കവറി വാഹനങ്ങൾ ഏർപ്പാടാക്കാനും ഹെൽപ്പ് ലൈൻ വഴി സഹായം ലഭിക്കുമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
അടിയന്തര വൈദ്യസഹായം, ആംബുലൻസ് സേവനങ്ങൾ, ആശുപത്രി സൗകര്യങ്ങൾ എന്നിവയും ഇതിലൂടെ ലഭ്യമാക്കും. നീലിമല കയറ്റത്തിനിടയിൽ ഉണ്ടാകുന്ന ഹൃദയ സംബന്ധമായ അടിയന്തര സാഹചര്യങ്ങളിൽ വൈദ്യ സഹായം ഏകോപിപ്പിക്കുന്നതിനും സംവിധാനമുണ്ട്. ഇതിനുപു റമെ, നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും മറ്റ് സാധനങ്ങളും കണ്ടെത്തുന്നതിനുള്ള സഹായം, സ്പോട്ട് ബുക്കിങ് ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ, ശബരിമല ദർശന സമയം, നട തുറക്കുന്ന സമയം, പൂജാ സമയങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും തീർഥാടകർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
എയർടെൽ, ഐഡിയ, വിഐ മൊബൈൽ നെറ്റ്വർക്ക് ഉപയോക്താക്കൾ ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്നതിനായി മെയ്ൻ അക്കൗണ്ടിൽ ആവശ്യത്തിന് ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.