ശബരിമല വരുമാനത്തിൽ 47% ഇടിവ്
file image
തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടന സീസണിലെ വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിൽ വൻതോതിലുള്ള ക്രമക്കേടും സുരക്ഷാ വീഴ്ചയും നടന്നതായി റിപ്പോർട്ടുകൾ. വെർച്വൽ ക്യൂ വഴി ദർശന സ്ലോട്ടുകൾ ബുക്ക് ചെയ്ത ആയിരക്കണക്കിനാളുകൾ സന്നിധാനത്തേക്ക് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
ഓൺലൈൻ ബുക്കിങ് പോർട്ടലിൽ ആധാർ നമ്പർ നൽകേണ്ട സ്ഥാനത്ത് ഒടിപി പരിശോധനയോ കൃത്യമായ ആധാർ വെരിഫിക്കേഷനോ ഇല്ലാതിരുന്നതാണ് തട്ടിപ്പുകാർ മുതലെടുത്തത്. ആധാർ നമ്പറിന് പകരം ഏതെങ്കിലും 12 അക്കങ്ങൾ നൽകിയാൽ പോലും ബുക്കിങ് പൂർത്തിയാകുമായിരുന്നു. ഈ സാങ്കേതിക പിഴവ് ഉപയോഗിച്ച് തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ (മാസ് ബുക്കിങ്) സ്ലോട്ടുകൾ കൈവശപ്പെടുത്തി. പിന്നീട് ഇവർ ഈ കൂപ്പണുകൾ ഭക്തർക്ക് ഉയർന്ന നിരക്കിൽ മറിച്ചുവിൽക്കുകയും വിൽക്കാൻ കഴിയാത്ത ഡമ്മി ബുക്കിങ്ങുകൾ ഉപേക്ഷിക്കുകയുമായിരുന്നു.
ഏജൻസികൾ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തതോടെ വെബ്സൈറ്റിൽ ബുക്കിങ് പൂർത്തിയായതായി കാണിക്കുകയും യഥാർഥ ഭക്തർക്ക് ദർശനത്തിന് അവസരം നഷ്ടപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി മുൻവർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിലും നടവരവിലും ഏകദേശം 47 ശതമാനത്തോളം കുറവുണ്ടായതായാണ് വിവരം.
സംഭവം വിവാദമായതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് തട്ടിപ്പ് തടയാൻ ബുക്കിങ് റദ്ദാക്കിയാൽ വീണ്ടും ബുക്ക് ചെയ്യാൻ 8 മണിക്കൂർ കാത്തിരിക്കണമെന്ന നിബന്ധന കൊണ്ടുവരികയും, ആധാർ പരിശോധന കർശനമാക്കുകയും ചെയ്തു. ബുക്ക് ചെയ്തിട്ടും ദർശനത്തിന് എത്താത്ത 50 ലക്ഷത്തിലേറെ പേരുടെ വിവരങ്ങളും ഐപി വിലാസങ്ങളും പമ്പ പൊലീസ്, സൈബർ ഫോറൻസിക് വിഭാഗം, ദേവസ്വം വിജിലൻസ് എന്നിവർ സംയുക്തമായി പരിശോധിച്ചു. ഇതോടെയാണ് തട്ടിപ്പിന്റെ ചിത്രം വ്യക്തമായത്.