ശബരിമല: ആരോഗ്യ വകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം

 

file image

Sabarimala

ശബരിമല: ആരോഗ്യ വകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം

ജനുവരി 21 വരെ നീളുന്ന തീർഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ, പരമ്പരാഗത കാനന പാതകൾ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ വഴി 24 മണിക്കൂറും ആരോഗ്യ സേവനം ലഭ്യമാക്കും

MV Desk

സന്നിധാനം: മണ്ഡല- മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലെത്തുന്നവർക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജനുവരി 21 വരെ നീളുന്ന തീർഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ, പരമ്പരാഗത കാനന പാതകൾ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ വഴി 24 മണിക്കൂറും ആരോഗ്യ സേവനം ലഭ്യമാക്കും.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ആശുപത്രികൾക്കും വിവിധ എമർജൻസി മെഡിക്കൽ സെന്‍ററുകൾക്കും ആവശ്യമായ ഡോക്റ്റർമാർ, നഴ്‌സിങ് ഓഫിസർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. അടിയന്തര ചികിത്സയ്ക്കും ഹൃദയ സംബന്ധമായ അത്യാഹിതങ്ങൾക്കും പ്രത്യേക പരിഗണന നൽകും. രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി ഉയർന്ന ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ആംബുലൻസ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പമ്പ ഗവൺമെന്‍റ് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ നിയന്ത്രണ കേന്ദ്രം സജ്ജമാക്കി. എമർജൻസി മെഡിക്കൽ സെന്‍ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുക, അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സേവനം ലഭ്യമാക്കുക, സ്‌ട്രെച്ചർ സേവനം ക്രമീകരിക്കുക, വിവിധ ഭാഷകളിൽ തീർഥാടകർക്ക് ആവശ്യമായ സഹായം നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ കൺട്രോൾ റൂം വഴി ഏകോപിപ്പിക്കും. അടിയന്തര ആവശ്യങ്ങൾക്ക് 0473 5203232 എന്ന നമ്പറിൽ ബന്ധപ്പെടാം.