ചിങ്ങമാസ പൂജകൾക്ക് ഞായറാഴ്ച ശബരിമല നട തുറക്കും.
File
സന്നിധാനം: ചിങ്ങമാസ പൂജയ്ക്ക് ശബരിമല നട ഞായറാഴ്ച തുറക്കും. വൈകിട്ട് 5 മണിക്ക് പുതിയ തന്ത്രി കണ്ഠര് ബ്രഹ്മദത്തന്‍റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.
ചിങ്ങം ഒന്നായ 17ന് പുതുവർഷ ദിനത്തിൽ രാവിലെ 5 മണിക്കാണ് ദർശനത്തിനായി നട തുറക്കുക. ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും അന്നു നടക്കും. ഉഷഃപൂജയ്ക്കു ശേഷമാണ് തെരഞ്ഞെടുപ്പ്. മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുക എന്നതാണ് ഉൾക്കഴകത്തിന്‍റെ ചുമതല.
ചിങ്ങം 1 മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ഓണവുമായി ബന്ധപ്പെട്ട പൂജകൾക്ക് 24ന് നട തുറക്കും. ചിങ്ങ മാസ പൂജയുമായി ബന്ധപ്പെട്ട് ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി സ്ലോട്ടുകൾ ഉറപ്പാക്കണം.
ശബരിമലയിലെ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് ഭക്തരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച മുതൽ 28 വരെ തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും ആവശ്യാനുസരണം സർവീസുകൾ ലഭ്യമാകും.
ട്രെയ്നിൽ ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തുന്ന ഭക്തരുടെ തിരക്ക് പരിഗണിച്ച് റെയ്‌ൽവേ സ്റ്റേഷൻ- പമ്പ റൂട്ടിൽ ആവശ്യാനുസരണം ഏതു സമയത്തും സർവീസുകൾ ക്രമീകരിക്കും. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും ആവശ്യത്തിനു സർവീസുകൾ ഉണ്ടായിരിക്കും.
നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പൊയിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം സമീപ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് അധിക സർവീസുകൾ ക്രമീകരിക്കും.
ഭക്തരുടെ തിരക്ക്, യാത്രാ ആവശ്യം എന്നിവ നിരന്തരം വിലയിരുത്തി ആവശ്യമായ അധിക സർവീസുകൾ ഏർപ്പെടുത്താനും കെഎസ്ആർടിസി നടപടി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും വിവിധ യൂണിറ്റുകളുമായും കൺട്രോൾ റൂമുകളുമായും ബന്ധപ്പെടാം. കെഎസ്ആർടിസി പമ്പ: 04735203445, 9497024092. ചെങ്ങന്നൂർ: 9188933750. പത്തനംതിട്ട: 9188933744. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം: 9447071021, 04712463799.