വധശിക്ഷ തടയണമെന്ന ആവശ്യവുമായി നിദാൽ ഹസൻ കോടതിയിൽ

 
World

വധശിക്ഷ തടയണമെന്ന ആവശ്യവുമായി നിദാൽ ഹസൻ കോടതിയിൽ

പതിമൂന്നു സൈനികരെ കൊലപ്പെടുത്തുകയും 32 പേർക്കു പരിക്കേൽപ്പിക്കുകയും ചെയ്ത ഫോർട്ട് ഹുഡ് വെടിവയ്പ് കേസിലെ പ്രതിയാണ് ഇയാൾ

Reena Varghese

വാഷിങ്ടൺ: ടെക്സസിലുള്ള ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ 2009ൽ പതിമൂന്നു സൈനികരെ വെടി വച്ചു കൊല്ലുകയും 32 പേർക്കു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുൻ സൈനികോദ്യോഗസ്ഥൻ നിദാൽ ഹസൻ തന്‍റെ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഡിസംബർ മൂന്നിന് ഫയറിങ് സ്ക്വാഡ് മുഖേന വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് ഹസൻ ഫെഡറൽ കോടതിയിൽ ഹര്‍ജി നല്‍കിയത്. തന്‍റെ ശിക്ഷാവിധിയും വധശിക്ഷയും നിയമപരമായി ചോദ്യം ചെയ്യുന്നതിനുള്ള അവസരം നൽകണമെന്നാണ് ആവശ്യം. അമെരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും (എസിഎല്‍യു) കന്‍സാസ് ഘടകവും ചൊവ്വാഴ്ച കേസില്‍ ഹസന്‍റെ സഹായ അഭിഭാഷകരായി രംഗത്തെത്തി.

വധശിക്ഷ താല്‍ക്കാലികമായി തടയണമെന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ തടങ്കലില്‍ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിനുള്ള നിയമനടപടിയാണ് ഹേബിയസ് കോര്‍പ്പസ്. ഇത്തരം ഹര്‍ജികള്‍ പരിഗണിക്കുന്നത് വധശിക്ഷ വര്‍ഷങ്ങളോളം വൈകിപ്പിക്കാനും സാധ്യതയുണ്ട്. ഫോര്‍ട്ട് ഹുഡ് ആക്രമണം വലിയ വേദനയും നഷ്ടവുമുണ്ടാക്കിയ സംഭവമാണെങ്കിലും നിയമവ്യവസ്ഥ ഉറപ്പുനല്‍കുന്ന നടപടിക്രമങ്ങള്‍ ഹസനും ലഭിക്കണമെന്ന് എസിഎല്‍യു പ്രതിനിധി അന്ന ആര്‍ക്കെനോ ആവശ്യപ്പെട്ടു.

ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കന്‍ യുദ്ധങ്ങള്‍ക്കെതിരായ ‘ജിഹാദ്’ ആയിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് ഹസന്‍ അന്ന് വിശദീകരിച്ചത്.

ഡൊണാള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വംശീയവും മതപരവുമായ മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ സൈനിക നീതിന്യായ നടപടികളില്‍ ഇടപെട്ടുവെന്നാണ് ഹസന്‍റെ ഹര്‍ജിയിലെ പ്രധാന ആരോപണം. ഫയറിങ് സ്‌ക്വാഡ് മുഖേന വധശിക്ഷ നടപ്പാക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിലൂടെ ട്രംപ് തന്‍റെ അധികാരപരിധി ലംഘിച്ചുവെന്നാണ് ഹസന്‍റെ വാദം.

സൈനിക ചട്ടങ്ങള്‍ പ്രകാരം ഇത്തരമൊരു തീരുമാനം എടുക്കേണ്ടത് കരസേനാ സെക്രട്ടറിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, സെനറ്റിന്‍റെ അംഗീകാരം ലഭിക്കാത്ത ആക്റ്റിങ് കരസേനാ സെക്രട്ടറി ആദം ടെല്ലിന് വധശിക്ഷാ ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇസ്ലാം മതത്തിനെതിരായ ഹെഗ്‌സെത്തിന്റെ മുന്‍കാല പരാമര്‍ശങ്ങളും വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള അദ്ദേഹത്തിന്‍റെ നീക്കവും മതപരമായ മുന്‍വിധിയുടെ തെളിവുകളായും ഹസന്‍ ചൂണ്ടിക്കാട്ടി.

2013 ഓഗസ്റ്റിലാണ് മുന്‍ ആര്‍മി മേജറും സൈനിക മനോരോഗ വിദഗ്ധനുമായ നിദാല്‍ ഹസനെ സൈനിക കോടതി കുറ്റക്കാരനായി കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കന്‍ യുദ്ധങ്ങള്‍ക്കെതിരായ ‘ജിഹാദ്’ ആയിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് ഹസന്‍ അന്ന് വിശദീകരിച്ചത്. വിചാരണയ്ക്കിടെ താലിബാന്‍ അംഗങ്ങളെ സംരക്ഷിക്കാനാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് വാദിക്കാന്‍ ഹസന്‍ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ യുദ്ധത്തിന്‍റെ നിയമസാധുത ചോദ്യം ചെയ്യുന്നത് കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ആക്രമണത്തിന് ഇരയായവര്‍ താലിബാന് അടിയന്തര ഭീഷണിയായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഹസന്‍റെ അപ്പീലുകള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയും കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചിരുന്നു.

മുന്‍ സൈനികനായ റൊണാള്‍ഡ് ഗ്രേയുടെ കേസാണ് ഹസന്‍റെ ഇപ്പോഴത്തെ നീക്കത്തിന് സമാനമായ മുന്‍കാല ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്ന് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ 1988ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രേയുടെ ശിക്ഷ നടപ്പാക്കുന്നത് 2008ല്‍ ഫെഡറല്‍ കോടതി തടഞ്ഞിരുന്നു. അന്ന് പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു. ബുഷ് വധശിക്ഷയ്ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാന്‍ കോടതി അവസരം അനുവദിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഗ്രേ സൈനിക വധശിക്ഷാ പട്ടികയില്‍ തുടരുകയാണ്. ഹസന്‍റെ കേസിലും സമാനമായ ദീര്‍ഘമായ നിയമനടപടികള്‍ ഉണ്ടാകാമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. സൈനിക വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് തടവുകാരാണ് നിലവില്‍ അമേരിക്കയിലുള്ളത്. ഇതില്‍ ട്രംപ് വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കിയിട്ടുള്ള ഏക വ്യക്തി ഹസനാണ്. സൈനിക കോടതികള്‍ക്ക് വധശിക്ഷ വിധിക്കാമെങ്കിലും അത് നടപ്പാക്കണമോ എന്ന അന്തിമ തീരുമാനം പ്രസിഡന്‍റിന്‍റേതാണ്.